അബുദാബി: യുഎഇയില്‍ മുന്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കിയ അറബ് പൗരന്‍ പിടിയില്‍. മയക്കുമരുന്നിന് അടിമയായ ഇയാള്‍ ഭാര്യയോടൊപ്പം കഴിയുന്ന മക്കളെ കാണാന്‍ ഇവരുടെ താമസസ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.
മയക്കുമരുന്ന് ഉപയോഗത്തിനും മുന്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വേര്‍പിരിഞ്ഞതിന് ശേഷവും ഈ സ്ത്രീയെ ഉപദ്രവിച്ചതും ഭീഷണിപ്പെടുത്തിയതും ഉള്‍പ്പെടെയാണ് കേസ്. അറസ്റ്റിലായ ഇയാള്‍ ബാനി യാസ് കോടതിയില്‍ വിചാരണ നേരിടുകയാണ്.
മുന്‍ ഭര്‍ത്താവിനെതിരെ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയും ഇയാളും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തുകയും ഇവരുടെ രണ്ട് കുട്ടികളെയും അമ്മയ്‌ക്കൊപ്പം വിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടികളെ കാണാന്‍ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇയാള്‍ വീട്ടിലെത്തി ദേഷ്യത്തില്‍ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതോടെ യുവതി ഇതിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കാറില്‍ ഇരുന്ന പെട്രോള്‍ എടുത്ത് യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ അധികൃതരോട് വ്യക്തമാക്കി.
യുവതിയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതിന് പുറമെ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. എന്നാല്‍. കോടതിയില്‍ ഹാജരായ ഇയാള്‍ ഈ ആരോപണങ്ങള്‍ നിരസിച്ചു. പ്രതി ജോലി സ്ഥലത്തായിരുന്നെന്നും കുട്ടികള്‍ ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും ഇയാളുടെ അഭിഭാഷകര്‍ വാദിച്ചു. വീട്ടില്‍ ചില അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുന്നെന്നും ഉടന്‍ വീട്ടിലേ്ക്ക് വരാനും കുട്ടികള്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ മക്കള്‍ സുരക്ഷിതരാണെന്നും തന്റെ മുന്‍ഭാര്യയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് ഇയാള്‍ അവിടെ എത്തിയതെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.
Post Your Comments