ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ അതിഥിയായ പരിപാടി സംഘപരിവാര്‍ ഇടപെട്ട് നിര്‍ത്തിവച്ചു. ഡല്‍ഹിയിലെ കേരള ക്ലബ്ബിലെ സാഹിതീ സഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയായിരുന്നു സംഭവം. അയ്യപ്പഭക്തരെന്ന പേരിലെത്തിയ സംഘപരിവാര്‍ സംഘമാണ് പ്രതിഷേധവുമായി എത്തിയത്.
അതേസമയം കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചായിരുന്നു ഇത്. പ്രതിഷേധക്കാരോട് കയര്‍ത്ത ആളുകളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറ്റംചെയ്തു. ഡല്‍ഹിയില്‍ എത്താന്‍ വൈകിയതുമൂലം പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള ക്ലബ്ബ് ജോ. സെക്രട്ടറി എം. രവീന്ദ്രന്‍ സദസ്സിനെ അറിയിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഹാളില്‍ കൂടിനിന്ന് ശരണം വിളിച്ച് പ്രതിഷേധം തുടര്‍ന്നു.
‘സൈലന്‍സര്‍’ എന്ന പുതിയ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് പ്രിയനന്ദന്‍ ഡല്‍ഹിയില്‍ എത്തിയത്. തലസ്ഥാനത്തെത്തുന്ന സാഹിത്യ-സാംസ്‌കാരിക നായകരുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തില്‍ പതിവായി സംവാദം സംഘടിപ്പിക്കാറുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. അഞ്ചരമുതല്‍ ക്ലബ്ബിലും പരിസരത്തും സംഘപരിവാറുകാര്‍ തമ്പടിച്ചുതുടങ്ങി.
ഹിന്ദുവിശ്വാസികളെ മുറിവേല്‍പ്പിച്ച പ്രിയനന്ദനനെപ്പോലെ ഒരാളുമായി കേരള ക്ലബ്ബില്‍ സംവാദം സംഘടിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം എത്തിയാല്‍ കൈകാര്യം ചെയ്യുമെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കി. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോടും ചിലര്‍ കയര്‍ത്തുസംസാരിച്ചു. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ ചോദ്യംചെയ്യുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ ഭാരവാഹികള്‍ പരിപാടി നിര്‍ത്തിവെച്ചു.
സംഭവത്തില്‍ വലിയ നിരാശ തോന്നുന്നുവെന്നുവെന്നും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഇടയില്‍ മനുഷ്യത്വം മറന്നുപോവുന്നതാണ് ഇത്തരം സംഭവങ്ങളെന്നും പ്രിയനന്ദന്‍ പ്രതികരിച്ചു. ”ഞാനൊരിക്കലും ഇന്ത്യയുടെ വൈവിധ്യത്തെയും ആചാരങ്ങളെയും ചോദ്യംചെയ്തിട്ടില്ല. അന്ധവിശ്വാസത്തിനെതിരേ ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഭാഷാപരമായി സംഭവിച്ചിട്ടുള്ള തെറ്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല. എനിക്ക് വോട്ടുകച്ചവടത്തിന്റെ ആവശ്യവുമില്ല. എന്റെ കലാസൃഷ്ടികളില്‍ പല സിനിമകളും നിഷ്പക്ഷമായ നിലപാടു പ്രകടിപ്പിക്കുന്നതാണ്.” എന്ന് പ്രിയനന്ദന്‍ പറഞ്ഞു.
Post Your Comments