Latest NewsArticle

തിരുത്തപ്പെടുമോ പരസ്പരം കൊന്നൊടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയനയം

സാക്ഷരതയില്‍ മുന്നിലാണെങ്കിലും സംസ്‌കാര സമ്പന്നരാണെങ്കിലും പരസ്പരം കൊല്ലാന്‍ മലയാളികളെപ്പോലെ മടിയില്ലാത്തവര്‍ രാജ്യത്ത് മറ്റെവിടെയെും ഉണ്ടാകില്ല. വ്യക്തിപരമായോ കുടുംബപരമായോ ഒരു അഭിപ്രായവ്യത്യാസമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിന്റെപേരില്‍ വെട്ടിയും കുത്തിയും മൃഗിയമായി മനുഷ്യനെ കൊല്ലുന്നതിന് കേരളം കഴിഞ്ഞേ മറ്റൊരു സംസ്ഥാനമുണ്ടാകൂ. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പേരില്‍ ഓരോ കുറ്റകൃത്യങ്ങളും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യെപ്പെടുകയും അതേ രാഷ്ട്രീയപിന്‍ബലത്താല്‍ മാഞ്ഞുപോകുകയും ചെയ്യുന്ന ചരിത്രമാണ് കേരളത്തിന് പറയാനുള്ളത്. നൂറ് കണക്കിന് നിരപരാധികളുടെ ജീവനാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ടത്. പാര്‍ട്ടികളുടെ ചാവേറുകളാകുന്നത് മിക്കപ്പോഴും പാവപ്പെട്ട ചെറുപ്പക്കാരാണ്. കൊലപാതകത്തിന് ശേഷമുള്ള പോലീസിന്റെ അന്വേഷണവും വിചാരണയുമെല്ലാം അപ്പപ്പോള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിന് അനുസൃതമായിരിക്കും.

നാല്‍പ്പതിലധികം വര്‍ഷത്തെ പഴക്കമുണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകചരിത്രത്തിന്. 1969 ഏപ്രില്‍ ബിജെപി-യുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. പിന്നീട് എത്രയോ പോര്‍ രാഷ്ട്രീയത്തിന്റെപേരില്‍ കൊലക്കത്തിക്കിരയായി. മുമ്പ് പറഞ്ഞതുപോലെ കൊലപാതകരാഷ്ട്രീയത്തില്‍ ഒന്നാം സ്ഥാനമെന്ന കുപ്രസിദ്ധി അന്നും ഇന്നും കണ്ണൂര്‍ നിലനിര്‍ത്തുകയാണ്. 2000 മുതല്‍ 2018 വരെ ഇരുനൂറോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. 2000 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം 69 പേര്‍ക്കാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. .ബിജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരും സി പി ഐ എം പ്രവര്‍ത്തകരുമാണ് കൊലചെയ്യപ്പെട്ടവരില്‍ ഏറെയും . 65 ബിജെപി – ആര്‍ എസ് എസ് പ്രവര്‍ത്തകരും 85 സി പി ഐ എം -സി പി ഐ പ്രവര്‍ത്തകരുമാണ് ഈകാലയളവില്‍ കൊല്ലപ്പെട്ടത്. പ്രതി ചേര്‍ക്കപ്പെട്ടവരിലും ബി ജെ പി – ആര്‍ എസ്എഎസ്, സി പി ഐ എം പ്രവര്‍ത്തകരാണ് മുന്നില്‍. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളും തൊട്ടു പിന്നാലെയുണ്ട്. എസ് ഡി പി ഐ , പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

അനുയായികളെ കൊല്ലാന്‍ ആയുധം നല്‍കി അയക്കുന്ന നേതാക്കളൊരിക്കലും പ്രതിപ്പട്ടികയില്‍പ്പെടാറില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തതിന്റെ പേരില്‍ കൊലപാതകികളായി ജയിലില്‍ അടയ്ക്കപ്പെടുന്നവരുടെ കുടുംബത്തിന്റെ അവസ്ഥ പിന്നീട് ആരും അധികം അന്വേഷിക്കാറുമില്ല. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും അപലപിക്കപ്പെടുകയും ചെയ്ത രണ്ട് കൊലപാതകങ്ങള്‍ കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസറ്ററുടെയും കോഴിക്കോട് ടിപി ചന്ദ്രശേഖരന്റെയുമായിരുന്നു. സിപിഎം, ബിജെപി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി എല്ലാ രാഷ്ട്രീയ കക്ഷികളും കൊലപാതകരാഷ്ട്രീയത്തില്‍ പിന്നോട്ടില്ലാത്തവരാണ്. എന്നാല്‍ ഒരു മനുഷ്യനെ ഏറ്റവും മൃഗീയമായി കൊലചെയ്യുന്നതിന്റൈ കുപ്രസിദ്ധി പതിച്ചു കിട്ടിയിരിക്കുന്നത് സിപിഎമ്മിനാണ്. സിപിഎം – ആര്‍എസ്എസ് സംഘര്‍ഷമാണ് വടക്കന്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതക പരമ്പര സൃഷ്ടിക്കുന്നത്.

ബിജെപി നേതാവായ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം പ്രവര്‍ത്തകര്‍ ക്ലാസ് മുറിയില്‍ കടന്നു കയറി കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നത് കേരളത്തെ നടുക്കിയ രാഷ്ട്രീയകൊലപാതകങ്ങളില്‍ ഒന്നായിരുന്നു. മനുഷ്യന് ഇത്രയും പൈശാചികമായി പെരുമാറാന്‍ കഴിയുമോ എന്ന ചര്‍ച്ചയായിരുന്നു കേരളം മുഴുവന്‍ മുഴങ്ങിയത്. എന്നാല് അതിനെയും തോല്‍പ്പിക്കുന്ന വിധമായിരുന്നു പിന്നീട് 2012 മെയില്‍ കോഴിക്കോട് നടന്നത്. അമ്പത്തിയൊന്ന് വെട്ടിന്റൈ പൈശാചികതയില്‍ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരം തന്നെ ചോദ്യം ചെയ്യിപ്പിച്ചു ആ സംഭവം. ടിപി വധത്തിന് പിന്നാലോ വീണ്ടും ഒട്ടേറെപ്പേര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി കൊല്ലപ്പെടുകയുംം കൊലപാതികകളാകുകയും ചെയ്തു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ ചോദ്യമുയര്‍ന്നു. ചര്‍ച്ചകളും സമാധാന ശ്രമങ്ങളും ഒട്ടേറെ നടന്നെങ്കിലും കൊലപാതക രാഷ്ട്രീയത്തിന് അന്ത്യമായില്ല.

അരിയില്‍ ഷുക്കൂറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രബല നേതാവ് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രമായിരുന്നു അടുത്തിടെ കേരളം ചര്‍ച്ച ചെയ്തത്. എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിഞ്ഞ് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലായിരുന്നു സിപിഎമ്മിന്റെ പ്രബല നേതാവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഇതിന് പിന്നാലെ കാസര്‍കോട് നിന്ന് ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയെത്തി. വെട്ടിമൂര്‍ച്ചപ്പെടുത്തിയ ആയുധങ്ങളുമായി രാഷ്ട്രീയ വൈരികളെത്തേടി കൊലപാതകികള്‍ കാത്തിരിക്കുകയണെന്നാണ് കാസര്‍കോട് ഇരട്ടക്കൊലപാതകം വ്യക്തമാക്കുന്നത്. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ശരത്തിന്റെയും കൃപേഷിന്റെയും മരണകാരണം. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഈ യുവാവിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളിലെന്ന് പറയുമ്പോള്‍ അക്രമികളുടെ ക്രിമിനല്‍ മനസ് എത്രമാത്രമുണ്ടെന്ന് ആലോചിക്കുക. രാഷ്ട്രീയക്കാര്‍ അവരുടെ വൈരാഗ്യം തീര്‍ക്കാനും രക്തസാക്ഷികളെ സൃഷ്ടിച്ച് തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തി തടിതപ്പുകയാണ് എല്ലാവരും.

ചുരുക്കത്തില്‍ രാഷ്ട്രീയപ്പകയുടെ പേരില്‍ അരുംകൊലകള്‍ കേരളത്തിന്റെ മണ്ണില്‍ തുടരുമ്പോള്‍ ഓര്‍ക്കുക കൊടി പിടിക്കാനും കല്ലെറിയാനുും വേണെങ്കില്‍ ചാവേറാകാനും തയ്യാറാകുന്ന യുവാക്കളാണ് രാഷ്ട്രീയപാര്‍ട്ടികളുടെയും കൊലക്കത്തിക്ക് ഇരയാകുന്നതെന്ന്. ചോരക്കറ പുരണ്ട കൈകളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആദര്‍ശത്തിന്റെ കൊടികളേന്തുന്നത്. കേരളത്തിന്റ ഗതകാല ചരിത്രങ്ങളിലെല്ലാം വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി കൊല ചെയ്യപ്പെട്ടവരും കൊന്നവരുമുണ്ട്. നേതാക്കളും പാര്‍ട്ടിയും തഴച്ചുവളരുമ്പോള്‍ വാടിത്തളര്‍ന്ന് വേരറ്റുപോകുന്ന കുറെ കുടുംബങ്ങളെ ആരുമോര്‍ക്കാറില്ല. ജീവന്റെ വിലയറിയാത്ത രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടത് അധികാരം മാത്രമാണ്. അധികാരത്തിന്റെ സൗജന്യത്താലാണല്ലോ പച്ചജീവന്‍ വെട്ടിനുറുക്കി കൊത്തിയെറിയുന്നവരൊക്കെ ജയിലറയില്‍ നിന്ന് പുറത്തുകടക്കുന്നതും വീണ്ടും നേതാക്കളാകുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button