സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും മതപരവും മാനുഷികവുമായ ഘടകങ്ങളാല്‍ കൊരുക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശബരിമല സ്ത്രീ പ്രവേശനത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കുന്നത്. സാമുദായിക രാഷ്ട്രീയ കലാപത്തിലേക്ക് വരെ വഴിതിരിച്ചുവിടപ്പെടാന്‍ സാധ്യതയുള്ള ഒരു വലിയ പ്രശ്‌നത്തിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്ന ഒരു മണ്ഡലകാലമായിരുന്നു 2108ലേത്. പക്ഷേ കേരളത്തിലെ വിശ്വാസികളില്‍ നല്ല ഒരു വിഭാഗം ഇപ്പോഴും അസംതൃപ്തരാണ് എന്നതാണ് വാസ്തവം. പരമോന്നതകോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ആശ്വാസമാകും. എന്നാല്‍ നവോത്ഥാനനയം പേറുന്ന ഇടത് സര്‍ക്കാരിന് അത് ക്ഷീണമാകും. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കയറ്റുന്നതിന് തടസമില്ലെന്ന നിലപാടാണല്ലോ തുടക്കം മുതല്‍ പിണറായി സര്‍ക്കാരിന്റേത്.
സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പ്രശ്‌നത്തില്‍ സംയമനത്തോടെയും സമചിത്തതയോടെയും പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഒരു നല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് അതിന് കഴിഞ്ഞില്ല എന്ന് തുറന്ന് പറയേണ്ടിവരും. അനുരഞ്ജനവും തന്ത്രവും വിട്ടുവീഴ്ച്ചയുമൊക്കെയാണ് ഒരു രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നത്. അതിന് തയ്യാറാകാത്ത വിധത്തില്‍ അസിഹിഷ്ണുതയോടെ വിധിയെ അനുകൂലിക്കുന്നവരുംം എതിര്‍ക്കുന്നവരും ഏറ്റുമുട്ടുകയായിരുന്നു ശബരിമല വിഷയത്തില്‍.
പുനപരിശോധനാഹര്‍ജികളില്‍ കോടതി വീണ്ടും വാദം കേട്ടിരിക്കുന്നു. ലിംഗസമത്വം എന്നതില്‍ ഊന്നിനിന്ന് പഴയ വിധി ശരിവയ്ക്കുകയാണെങ്കില്‍ അത് ആയിരക്കണക്കിന് വരുന്ന വിശ്വാസി സമൂഹത്തിന് തിരിച്ചടിയാകും. ് ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ തുടക്കം മുതല്‍ നിലനിന്നിരുന്ന കര്‍മസമിതി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് അറിയേണ്ടത്. ബിജെപി ആര്‍എഎസ് നേതൃത്വത്തോടൊപ്പം വിവിധ ഹിന്ദുസംഘടനകളും പിന്തുണയ്ക്കുന്ന കര്‍മസമിതിയുടെ നിലപാട് നിര്‍ണായകമാണ്. കേരളത്തില്‍ കാലുറപ്പിക്കാന്‍ ബിജെപിക്ക് കിട്ടിയ സുവര്‍ണ അവസരമായിരുന്നു ശബരിമല പ്രശ്‌നം. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള ഇക്കാര്യം അനുയായികളെ അറിയിക്കുന്നത് കേരളം കേട്ടതുമാണ്. അതുകൊണ്ട് തന്നെ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ വിഷയത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകേണ്ടത് ബിജെപിയുടെ അഭിമാനപ്രശ്‌നം തന്നെയാണ്.
കേരളത്തിലെ രാഷ്ട്രീയ ചായ്വില്ലാത്ത വിശ്വാസിസമൂഹത്തെ സംബന്ധിച്ചിടത്തോളം ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നാല്‍ വിശ്വാസത്തിന് മേലുള്ള ആ കടന്നുകയറ്റം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒന്നോ രണ്ടോ തവണ ഈ പ്രതിഷേധത്തിന്റെ ഭാഗമായി വോട്ട് മാറ്റി കുത്തി ഇക്കാര്യത്തില്‍ അവര്‍ പൊരുത്തപ്പെടാനാണ് സാധ്യത. ശബരിമല പ്രശ്‌നം പ്രതികൂലമായ ജനവികാരം സൃഷ്ടിക്കുന്നതില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രതിഷേധത്തിന്റെ പേരില്‍ വോട്ട് മാറ്റികുത്തുന്നവരില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുണ്ടാകില്ലെന്ന അമിതമായ വിശ്വാസം അവര്‍ക്കുണ്ട്. പക്ഷേ ബിജെപിക്ക് അനുകൂലമായി വോട്ടു ചാര്‍ത്തപ്പെട്ടാല്‍ അതില്‍ അധികവും കോണ്‍ഗ്രസ് അനുയായികളില്‍ നിന്നാകുമെന്ന പ്രതീക്ഷയുമുണ്ട്. ചുരുക്കത്തില്‍ ശബരിമല പ്രശ്‌നം ബാധിക്കുന്നത് കോണ്‍ഗ്രസിനെയാകുമെന്ന കണക്കുകൂട്ടലില്‍ പുരോഗമനവാദികളേയും ഇടത് സാംസ്‌കാരിക നേതാക്കളേയും തൃപ്തിപ്പെടുത്തി പ്രതിഛായ സംരക്ഷിക്കാമെന്ന ഉറപ്പുണ്ട് സിപിഎമ്മിന്. വിധി അനുകൂലമായാല്‍ തന്നെ തങ്ങള്‍ക്ക് കഴിയുന്നതിനും അപ്പുറം ശബരിമല പ്രശ്‌നത്തില്‍ ചെയ്തുകഴിഞ്ഞെന്ന ധാരണ ഉണ്ടാക്കാന്‍ സഹായകമായ പ്രസ്താവനകളും പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം.
ഇനി ബിജെപിയുടെ പടയൊരുക്കം ശ്രദ്ധിക്കാം. കേന്ദ്രത്തില്‍ നിന്ന് ഓര്‍ഡിനന്‍സ് ഉണ്ടാക്കുക എന്ന അഭിപ്രായം അത്രപെട്ടെന്ന് പ്രായോഗികമല്ലെന്ന് സംസ്ഥാനഘടകത്തിന് ബോധ്യമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ പരമാധികാരത്തിന് മേല്‍ നടത്തുന്ന കടന്നുകയറ്റം എന്ന ദുഷ്‌പ്പേരു മാത്രമേ ഓര്‍ഡിനന്‍സ് വഴി ഉണ്ടാകൂ എന്ന് മോദിക്കും അമിത് ഷായ്ക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെ ഓര്‍ഡിനന്‍സ് എന്ന സാധ്യത ഏറ്റവും അവസാനത്തേത് മാത്രമാണ്. അപ്പോള്‍ പിന്നെ ശബരിമല വിഷയം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിനൊപ്പം ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുന്‍നിലപാടുകള്‍ കൂട്ടിച്ചേര്‍ത്ത് ഉത്തരം കണ്ടെത്താം.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനോട് ബിജെപിയോ ആര്‍എസ്എസോ ശക്തമായ എതിര്‍പ്പ് നടത്തിയിരുന്നില്ല. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതിയെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു ആദ്യം ബിജെപിയും. എന്നാല്‍ പാര്‍ട്ടി കണക്കുകൂട്ടിയതിനപ്പുറം കാര്യങ്ങള്‍ പോകുകയും ജാതി മത രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഇക്കാര്യത്തില്‍ ഉണ്ടാകകുകയും ചെയ്തപ്പോള്‍ സ്ത്രീ പ്രവേശത്തെ എതിര്‍ക്കുന്ന വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടിലേക്ക് പാര്‍ട്ടി കടക്കുകയായിരുന്നു. ആദ്യം വിധി സ്വാഗതം ചെയ്ത കെ സുരേന്ദ്രനെപ്പോലുള്ള കേരളത്തിലെ നേതാക്കളും പിന്നീട് വിശ്വാസത്തിന്റെ പക്ഷത്തേക്ക് ചുവട് മാറ്റുകയായിരുന്നു.
മാസത്തില്‍ ചില ദിവസങ്ങള്‍ മാത്രം സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി നല്‍കാമെന്ന അഭിപ്രായം ബിജെപിയുടെ ഭാഗത്ത് നിന്നും ആര്‍എസ്എസിന്റെ ഭാഗത്തും നിന്നും തുടക്കത്തില്‍ ഉണ്ടായിരുന്നു. ആ നിലപാടിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ കരുനീക്കം നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും. മാസത്തില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ദിവസം അനുവദിക്കുക. പരമോന്നത കോടതി വിധി പാലിക്കപ്പെട്ടു എന്ന ആശ്വാസം സര്‍ക്കാരിനുണ്ടാകും. വേറെ ഗത്യന്തരമില്ലാതെ വരുന്ന ഹിന്ദുസംഘടനകള്‍ക്കും ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനും ഈ തീരുമാനത്തിനൊപ്പം നില്‍ക്കാം. സര്‍ക്കാരുമായി സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന നിലപാടില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ എത്തിയിരിക്കുന്നതും ശുഭകരമാണ്.
ഇനി ഭക്തജനങ്ങളുടെ കാര്യമെടുത്തതാല്‍ ശബരിമലയില്‍ സ്ത്രീകളെത്തുന്നത് വലിയ ആചാരലംഘനമാണെന്ന അന്ധമായ വിശ്വാസമല്ല അവരുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനം. മറിച്ച് ഇതര മതസമുദായങ്ങളോടില്ലാത്തവിധം ഹൈന്ദവ വിശ്വാസങ്ങളിലുള്ള ഭരണകൂടത്തിന്റെയും നിരീശ്വര വാദികളുടെയും ഇടപെടലും ംകടന്നുകയറ്റവുമാണ് അവരെ ചൊടിപ്പിക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ #ഇത്രത്തോളം പ്രതിഷേധം ഉയരാനുള്ള കാരണവും അതുതന്നെയാണ്. വിവിധ സമുദായ നേതാക്കളോടും ഹൈന്ദവസംഘടന കളോടും ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് അവരുടെ സമ്മതപ്രകാരം ഒരു തീരുമാനത്തില്‍ സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇത് ഇത്രമാത്രം വഷളാകില്ലായിരുന്നു. പകരം കോടതി വിധികളെല്ലാം നടപ്പാക്കാനുള്ളതാണെന്ന കാരണം ചൂണ്ടിക്കാട്ടി ശബരിമല യിലെ സ്ത്രീ പ്രവേശനത്തില്‍ കാകട്ടിയ തിടുക്കമാണ് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയത്.
എന്തായാലും ദക്ഷിണേന്ത്യന്‍ മണ്ണില്‍ കാവിക്കൊടിക്ക് വളക്കൂറില്ലെന്ന ബിജെപിയുടെ സങ്കടത്തിന് ശബരിമല വിഷയം ഒരു പരിഹാരമായാലോ എന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. വിശ്വസിക്കുന്ന സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നവര്‍ ഭരിക്കുമ്പോള്‍ വ്രണിതരായ ഒരു ജനത തത്കാലത്തേക്കെങ്കികലും തങ്ങളുടെ വിശ്വാസത്തോടൊപ്പം നില്‍ക്കുന്നവരെയാകും അംഗീകരിക്കുക എന്നതാണ് ബിജെപിയുടെ മനോരഥം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ചവിട്ടി നില്‍ക്കാന്‍ ഒരു തുണ്ട് മണ്ണ് പോലുമില്ലാതിരുന്ന ബിജെപി വളരുന്നത് സിപിഎമ്മിന്റെ കണ്‍മുന്നിലാണ്. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളിലും സാന്നിധ്യമുറപ്പിച്ച് അവസാനം നിയമസഭയില്‍ വരെ എത്തിക്കഴിഞ്ഞു ബിജെപി. ഒരു എംഎല്‍എഎ ഇനി എത്രയായി വളരുമെന്ന കണക്കുകളാണ് ബിജെപി തയ്യാറാക്കുന്നത്. ശബരിമലവിഷയം എങ്ങനെ അവസാനിച്ചാലും അതില്‍ നിന്നുണ്ടാക്കുന്ന നേട്ടത്തില്‍ നിന്ന ്ബിജെപിയെ മാറ്റിനിര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ കഴിയില്ല. അതുകൊണ്ടുതന്നെ മതപരമായ വിശ്വാസത്തിനൊപ്പം തന്നെ രാഷ്ട്രീയമായ പ്രാധാന്യവും തുല്യമായി നിലനിര്‍ത്തുന്ന വിഷയമാണ് കേരളത്തിന് ശബരിമലയിലെ സ്ത്രീ പ്രവേശം.
Post Your Comments