ന്യൂഡൽഹി: പാകിസ്ഥാന്റെ എഫ്-16 പോർവിമാനം തകർന്നു വീഴുന്നത് താൻ കണ്ടെന്ന് വിംഗ് കമാൻഡർ അഭിനന്ദൻ. ഡീ ബ്രീഫിംഗിനിടെയായിരുന്നു അഭിനന്ദന്റെ വെളിപ്പെടുത്തൽ . എഫ്-16 വിമാനത്തെ താൻ കൃത്യമായി ലക്ഷ്യമിട്ടെന്നും ആർ 73 മിസൈൽ വിമാനത്തെ ലക്ഷ്യമാക്കി അയച്ചെന്നും അഭിനന്ദൻ വെളിപ്പെടുത്തി. തുടർന്ന് എഫ്-16 വീഴുന്നത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനന്ദൻ പറത്തിയ മിഗ് 21 ബൈസൻ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായി വ്യോമസേന സ്ഥിരീകരിച്ചിരുന്നു.
പാക് അതിർത്തിയിൽ തകർന്നു വീണ മിഗ് വിമാനത്തിന്റെ പൈലറ്റായിരുന്ന അഭിനന്ദനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തെങ്കിലും ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. പാകിസ്ഥാൻ കൈമാറിയ അഭിനന്ദനെ ഡീ ബ്രീഫിംഗിന് വിധേയനാക്കിയപ്പോഴായിരുന്നു വെളിപ്പെടുത്തൽ. അതെ സമയം ആദ്യം ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാൻ വാദിച്ചത്.
പാകിസ്ഥാന്റെ ഒരു വിമാനവും നഷ്ടമായിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. കൂടാതെ എഫ്-16 തകർന്ന് പാരച്യൂട്ടിലിറങ്ങിയ പാക് സൈനികനെ ഇന്ത്യൻ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Post Your Comments