Latest NewsKeralaFacebook Corner

അച്ചീ നാളെ പത്താം ക്ലാസ് തുടങ്ങുകയാണ്; അതിത്ര വലിയ സംഭവമൊന്നുമല്ലല്ലോ; അതു കഴിഞ്ഞ് വേറെയും കുറെ ക്ലാസുകള്‍ വരും; ഒരച്ഛന്റെ മനസില്‍ തട്ടുന്ന കുറിപ്പ്

മിക്കവാറും പേരുടേയും ജീവിതത്തില്‍ ഏറ്റവും പേടിയോടു കൂടി എഴുതുന്ന പരീക്ഷയാവും എസ്എസ്എല്‍സി പരീക്ഷ. ആദ്യമായി നേരിടുന്ന പരീക്ഷ കൂടിയാവുമിത്. മക്കള്‍ എസ്എസ്എല്‍സി എഴുതാന്‍ പോകുമ്പോള്‍ അവരെക്കാള്‍ ‘ടെന്‍ഷന്‍’ ആണ് പല മാതാപിതാക്കള്‍ക്കും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. മകള്‍ പത്താംക്ലാസിലാണ് എന്നതുകൊണ്ട് ‘ടെന്‍ഷന്‍’ തലയില്‍ വച്ച് നടക്കാന്‍ തന്നെക്കൊണ്ടാകില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുയാണ് ജെ.ബിന്ദുരാജ് എന്ന അച്ഛന്‍.

കുറിപ്പ് വായിക്കാം…

ഇന്നലെ വൈകിട്ട് ആറരയ്ക്ക് മകള്‍ വിളിച്ചു.

”അച്ചീ, അച്ചി വന്നിട്ട് എനിക്കൊരിടം വരെ പോണം.”
”എവിടാടീ?”
”ഷൂസും വേറെ കുറച്ചു സാധനങ്ങളുമൊക്കെ വാങ്ങണം.”
”നിന്റെ കൈയില്‍ കാശുണ്ടല്ലോ. നിനക്കങ്ങ് വാങ്ങിച്ചാല്‍ പോരെ. വേണേല്‍ അമ്മേം കൂട്ടിക്കോ.”
”ഞാന്‍ അച്ചി വരാന്‍ വെയിറ്റ് ചെയ്യുകയാണ്. അച്ചി വന്നിട്ടേ പോകുന്നുള്ളു.”

ഞാന്‍ ഒന്നു ശങ്കിച്ചു. എല്ലാ കാര്യവും ഒറ്റയ്ക്ക് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള എന്റെ മകള്‍ ഇതെന്താണ് ഇപ്പോ പതിവില്ലാതെ ഞാന്‍ കൂട്ടുചെല്ലണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്?
ഞാന്‍ വീട്ടിലെത്തി, അവളേയും കൂട്ടി സ്‌കൂട്ടറില്‍ യാത്രയായി.

”അച്ചി, നാളെ എന്റെ പത്താം ക്ലാസ് തുടങ്ങുകയാണ്.”- അവള്‍ക്കെന്തോ എന്നോട് പേഴ്‌സണലായി പറയാനുണ്ടെന്ന് മനസ്സിലായി. അതിനാണ് എന്നോട് വരാന്‍ പറഞ്ഞത്.

”അതിന്? അതിത്ര വലിയ സംഭവമൊന്നുമല്ലല്ലോ. അതു കഴിഞ്ഞ് വേറെയും കുറെ ക്ലാസുകള്‍ വരും.”- ഞാന്‍.
”അതല്ല. പത്താം ക്ലാസ്സാകുമ്പോള്‍ നന്നായി പഠിക്കണമെന്നും നല്ല മാര്‍ക്ക് മേടിക്കണമെന്നുമൊക്കെ പാരന്റ്‌സ് പറയാറുണ്ടല്ലോ….”- മകള്‍.
”ഞാനങ്ങനെയൊന്നും ഇക്കാലമത്രയും നിന്നോട് പറഞ്ഞിട്ടില്ലല്ലോ. പത്താം ക്ലാസില്‍ നീ സാധാരണ പോലെ പഠിക്കുന്നു. പാസ്സായാല്‍ അടുത്ത ക്ലാസിലേക്ക് പോകും,” ഞാന്‍.
”മറ്റു കുട്ടികളുടെയൊക്കെ വീട്ടില്‍ അച്ഛനന്മമാര്‍ വലിയ ടെന്‍ഷനിലാ.”- മകള്‍.
”എന്തിന്? പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് നേടണമെന്നും അതിനുശേഷം പ്ലസ് ടുവിന് ചേരണമെന്നും പിന്നെ ഡിഗ്രി പഠിക്കണമെന്നും ജോലി നേടണമെന്നും കരിയറില്‍ വിജയിക്കണമെന്നും പറഞ്ഞല്ലല്ലോ നീ ഈ ഭൂലോകത്ത് ജനിച്ചത്. പിന്നെ എന്തിനാ ടെന്‍ഷന്‍? ഇതൊക്കെ മനുഷ്യര്‍ ജീവിതം സങ്കീര്‍ണമാക്കാന്‍ വേണ്ടി സൃഷ്ടിച്ച കാര്യങ്ങളല്ലേ?”- ഞാന്‍ ഓളെ റിലാക്‌സ്ഡ് ആക്കി.

”എന്നാലും എല്ലാരും ടെന്‍ഷനടിക്കുമ്പോള്‍ അച്ചിയും എന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കില്ലേ?”
”ഇല്ല. എന്റെ ടെന്‍ഷന്‍ പത്താം ക്ലാസ്സിലായി എന്നുപറഞ്ഞ് നീ രാവിലെ മുറ്റത്തെ ചെടികള്‍ക്ക് വെള്ളമൊഴിക്കാതെ നടക്കുകയും അവ വൈകുന്നേരം വാടിക്കരിഞ്ഞ് നില്‍ക്കുമോ എന്നു മാത്രമാണ്. എന്തു ചൂടാല്ലേ ഇപ്പോ?”- ഞാന്‍.
ഷൂസും അനുബന്ധ സാമഗ്രികളുമൊക്കെ വാങ്ങി അച്ചിയും മകളും മടങ്ങി.

രാവിലെ അച്ചിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ചെടികളുടെ തടങ്ങള്‍ മാത്രമല്ല അവയുടെ ഉടലും ഈറനായിരിക്കുന്നു. ചെടികളെ തഴുകിയെത്തുന്ന കാറ്റിനു പോലുമുണ്ട് തണുപ്പ്.
സൈക്കിള്‍ ബെല്ലടിച്ചു. മകള്‍ സ്‌കൂളിലേക്ക് യാത്രയാകുകയാണ്. എന്തിനാണാവോ? അവള്‍ എന്നേ ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞിരിക്കുന്നു.

-ജെ ബിന്ദുരാജ്

https://www.facebook.com/novemberra/posts/10217679456434094

shortlink

Related Articles

Post Your Comments

Related Articles


Back to top button