ന്യൂഡല്‍ഹി: സൈന്യത്തിന്റെയും വ്യോമാക്രമണത്തിന്റെയും പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. സൈനികരുടെ ചിത്രങ്ങളും പുല്‍വാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും പ്രചാരണത്തിന് ഉപയോഗിക്കന്നത് തടയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യം രാജ്യത്തിന്റേതാണെന്നും ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയുടേത് മാത്രമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി സി.പി.എം പ്രസ്താവനയില്‍ അറിയിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനം ബൂത്തുകളിലെങ്കിലും വി.വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗാളില്‍ ഇരുപാര്‍ട്ടികളുടെയും ആറ് സിറ്റിംങ് സീറ്റുകളില്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് തീരുമാനമെടുത്തു.
2014ല്‍ കോണ്‍ഗ്രസ് നാലിടത്തും സിപിഎം രണ്ടിടത്തുമാണ് വിജയിച്ചത്. ഈ മാസം എട്ടിന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ കയറിക്കൂടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
Post Your Comments