Latest NewsNattuvartha

എസ്‌ഐയ്ക്ക് നേരെ ആക്രമണം : എസ്‌ഐയുടെ കണ്ണിലേയ്ക്ക് മഷി ഒഴിച്ചു : യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : എസ്‌ഐയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീയെ മര്‍ദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐ.യെ പേന കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്ത സംഭവത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്.

ചിറയിന്‍കീഴ്-അഴൂര്‍ മുട്ടപ്പലം കല്ലുവിള വീട്ടില്‍ ലിജിനെ(26) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. നോര്‍ബര്‍ട്ടിനാണ്(49) പേന കൊണ്ടുള്ള കുത്തില്‍ തലയ്ക്കു പരിക്കേറ്റത്. എസ്.ഐ.യെ രക്ഷിക്കാനെത്തിയ പോലീസുകാരനായ വിനോദിന് പിടിവലിക്കിടെ മര്‍ദനമേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമികചികിത്സ നല്‍കിയശേഷം ൈവകീട്ടോടെ വിട്ടയച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. അറസ്റ്റിലായ ലിജിന്‍, മരപ്പാലത്തുള്ള ഇയാളുടെ അമ്മയുടെ ചേച്ചി അംബുജത്തിന്റെ വീട്ടില്‍ രണ്ടു ദിവസമായി താമസിക്കുകയാണ്. ഇവരുടെ വീടിനടുത്തുള്ള ഉബൈബയെന്ന സ്ത്രീയുടെ നാലര വയസ്സുള്ള പേരക്കുട്ടിയെ ഇയാള്‍ അടിച്ചതാണ് പ്രശ്‌നത്തിനു കാരണം. ഇതേക്കുറിച്ചു ചോദിക്കാനെത്തിയ ഉബൈബയും ലിജിനുമായി തര്‍ക്കമായി. ഇതിനിടയില്‍ ലിജിന്‍, ഉബൈബയെ തള്ളിയിട്ടശേഷം മര്‍ദിച്ചു. തുടര്‍ന്ന് ഇവര്‍ പൂന്തുറ സ്റ്റേഷനില്‍ ഇക്കാര്യം വിളിച്ചറിയിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിച്ചു.

ഈ പരാതി അന്വേഷിക്കുന്നതിനാണ് എസ്.ഐ. നോര്‍ബര്‍ട്ടും സംഘവും മരപ്പാലത്തെത്തിയത്. സംഭവത്തിനു ശേഷം റോഡില്‍ നില്‍ക്കുകയായിരുന്ന ലിജിനെ നാട്ടുകാര്‍ കാണിച്ചു കൊടുത്തു. തുടര്‍ന്ന് പോലീസുകാര്‍ ഇയാളെ പിടികൂടി. ഇതോടെ ഇയാള്‍ അക്രമാസക്തനാകുകയും കൈയിലുണ്ടായിരുന്ന പേനയെടുത്ത് എസ്.ഐ.യെ കുത്തുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്തു. തടയാനെത്തിയ വിനോദെന്ന പോലീസുകാരനെ മര്‍ദിച്ചുവെന്നും പൂന്തുറ പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പൂന്തുറ എസ്.ഐ.മാരായ സജിന്‍ ലൂയീസ്, വിനോദ് കുമാര്‍ എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button