കടുത്ത വരള്‍ച്ച മുന്നില്‍ കണ്ട് അടിയന്തര മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2016-17 വര്‍ഷത്തെ വരള്‍ച്ചയുടെ അനുഭവം ഉള്‍ക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.അടുത്തിടെ ഏറ്റവും കൂടുതല്‍ വരള്‍ച്ചയുണ്ടായത് രണ്ട് വര്‍ഷം മുമ്പാണ്. അതിന് സമാനമായ വരള്‍ച്ച ഇത്തവണയും ഉണ്ടാകാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടികള്‍ അതിവേഗത്തിലെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ ജില്ലാ കലക്ടര്‍മാരുടേയും യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗവും അതിന് ശേഷം വിളിക്കും.വരള്‍ച്ച വലിയ തോതില്‍ ബാധിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. വന പ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം പ്രത്യേക സംവിധാനം ഒരുക്കി എത്തിച്ച് തുടങ്ങി.സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയില്‍ ശരാശരി 1.6 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ വര്‍ധനവുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോഴിക്കോട് ശരാശരി താപനിലയില്‍ നിന്നും 3.9 ഡിഗ്രിയും ആലപ്പുഴയില്‍ 1.4 ഡിഗ്രിയും, കോട്ടയത്ത് 1.3 ഡിഗ്രിയും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments