
തിരുവനന്തപുരം: വേനൽ മഴയെത്തിയിട്ടും കേരളത്തിലെ ചൂട് കുറയുന്നില്ല. അന്തരീക്ഷ താപനില കൂടിയതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. രണ്ട് ജില്ലകളിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് റെഡ് ലെവലിലാണ്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് അൾട്രാവയലറ്റ് ഇൻഡക്സ് അപകടകരമായ നിലയിൽ ഉയരുന്നത്.
ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്സ് 12 പോയിന്റിൽ എത്തി. കൊല്ലത്ത് 11 ആണ് യുവി നിരക്ക്. ഈ രണ്ട് ജില്ലകളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, കനത്ത ചൂടിന് ഇടയിൽ ആശ്വാസമായി വേനൽമഴയും എത്തും. ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ശക്തമായ വേനൽമഴ ലഭിക്കുമെന്നാണ് സൂചന. മഴയ്ക്കൊപ്പം മിന്നലിനും 40–50 കിമീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
പത്തനംതിട്ട, ആലപ്പുഴ –10, കോട്ടയം–9, പാലക്കാട്, എറണാകുളം–8, കോഴിക്കോട്, തൃശൂർ, വയനാട്–7, തിരുവനന്തപുരം, കണ്ണൂർ–6, കാസർകോട്–5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ യു വി നിരക്ക്. യുവി ഇൻഡക്സ് 0 മുതൽ 5 വരെയാണെങ്കിൽ മനുഷ്യനു ഹാനികരമല്ല. 6–7 യെലോ അലർട്ടും 8–10 ഓറഞ്ച് അലർട്ടും 11നു മുകളിൽ റെഡ് അലർട്ടുമാണ്. ഉയർന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകൽ 10നും വൈകിട്ട് 3നും ഇടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
Post Your Comments