വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ജാര്‍ഖണ്ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തിനാണ് കേരളത്തിന് തോല്‍വി. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ജാര്‍ഖണ്ഡ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആനന്ദ് സിംഗ്(47 പന്തില്‍ 72), വിരാട് സിംഗ്(29 പന്തില്‍ 46), സൗരഭ് തിവാരി(24 പന്തില്‍ 50) എന്നിവരുടെ ബാറ്റിംഗാണ് ജാര്‍ഖണ്ഡിനെ ജയിപ്പിച്ചത്.
കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ടും ബേസിലും വിനൂപും അഭിഷേകും ഓരോ വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ കേരളത്തിന്റെ സൂപ്പര്‍ ലീഗ് സാധ്യതകള്‍ അവസാനിച്ചു. ജയത്തോടെ ജാര്‍ഖണ്ഡ് ഒന്നാമതെത്തിയപ്പോള്‍ നാഗാലാന്‍ഡിനെ തോല്പിച്ച ഡല്‍ഹിയും സൂപ്പര്‍ ലീഗ് റൗണ്ടിലെത്തി. ഇരു ടീമുകള്‍ക്കും 20 പോയിന്റ് വീതമാണുള്ളത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 36 റണ്‍സെടുത്ത നായകന് സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ തകര്‍ത്തടിച്ച സല്മാന് നിസാറാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്.
ഓപ്പണര്‍മാരായ വിഷ്ണു വിനോദും രോഹന് കുന്നുമ്മലും കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. വിഷ്ണു 27 റണ്‍സും രോഹന് 34 റണ്‍സുമെടുത്ത് പുറത്തായി. നായകന് സച്ചിന് ബേബി 23 പന്തില്‍ 36 റണ്‍സെടുത്തു. വിനോദ് മോഹനന്(31), മുഹമ്മദ് അസറുദീന്‍(8), അരുണ്‍ കാര്‍ത്തിക്(6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. സല്മാന് നിസാറും (എട്ട് പന്തില്‍ 21) അഭിഷേക് മോഹനും (ആറ് പന്തില്‍ മൂന്ന്) പുറത്താകാതെ നിന്നു.
Post Your Comments