ന്യൂഡല്‍ഹി: വാഗ അതിര്‍ത്തിയില്‍, ചരിത്രത്തിന്റെ വാതില്‍ തുറന്ന് ജന്മനാടിന്റെ വരവേല്‍പ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങള്‍. രാഷ്ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതാണ് സൈനിക പ്രോട്ടോകോള്‍.ഡീബ്രീഫിങ് എന്നാണ് ഇതിനു പറയുക.
ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ. പാക് സൈനിക കസ്റ്റഡിയില്‍ തീവ്രമായ മാനസിക പീഡനത്തിനും, മനോനില തകര്‍ത്തുകളയുന്ന പീഡനങ്ങള്‍ക്കും അഭിനന്ദന്‍ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങള്‍ക്കു വിധേയരാക്കിയോ, മാനസികനില അസ്ഥിരപ്പെടുത്തിയോ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതി ശത്രുക്കള്‍ക്കുണ്ട്.
ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്‌ട്രോണിക് ചിപ്പ് ഉള്‍പ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് സൈന്യത്തിന് അഭിനന്ദനില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം.
ഇതിനെല്ലാം സങ്കീര്‍ണ പരിശോധനകളും, ചോദ്യം ചെയ്യലും വേണ്ടിവരും. ഏറെ ക്രൂരമെങ്കിലും ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക എന്നതും നടപടിക്രമം ആണ്.ഇതേല്മ് രാജ്യ സുരക്ഷയുടെ ഭാഗമായ നടപടിക്രമങ്ങൾ ആണ്.
Post Your Comments