കൊല്ലം: ട്രെയിനിലെ സീറ്റുകളുടെ ഒഴിവ് ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായതിനു ശേഷവും അറിയാം. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി ടിടിഇയുടെ പുറകെ ഓടുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിനു മാറ്റം വരുത്തിയാണ് ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം രംഗത്തിറക്കുന്നത്. ഇതിലൂടെ ചര്‍ട്ട് തയ്യാറായാലും ഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും.
ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇതില്‍ കാണുന്ന ഒഴിവുള്ള സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകും.
വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും. കൂടാതെ തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ടാ ചാര്‍ട്ടും തയ്യാറാക്കും. ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവയാണ് രണ്ടാം ചാര്‍ട്ടിലുണ്ടാകുക. നേരത്തേ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുവിവരം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ.
Post Your Comments