ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുമ്പോൾ മിക്ക ആളുകളും ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തവണ യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി കൈകോർത്തിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് മുഖാന്തരം മുൻകൂറായി ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 5 റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് സൊമാറ്റോയുടെ സേവനം ലഭിക്കുകയുള്ളൂ. ന്യൂഡൽഹി, പ്രയാഗ് രാജ്, കാൺപൂർ, ലക്നൗ, വാരണാസി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സൊമാറ്റോയുടെ സേവനം ഉണ്ടാകും. വ്രതം അനുഷ്ഠിക്കുന്ന യാത്രക്കാർക്കായി പ്രത്യേക നവരാത്രി താലികൾ ഉൾപ്പെടുത്തിയ മെനുവും ലഭ്യമാണ്. അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകൾ മുഖാന്തരം ഭക്ഷണം ഓർഡർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ഐആർസിടിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം ആവശ്യമുള്ളവർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഓർഡർ ചെയ്യാവുന്നതാണ്.
Post Your Comments