യാത്രാ പ്രേമികളുടെ സ്വപ്നങ്ങളിൽ ഒന്നാണ് രാജ്യം മുഴുവൻ സഞ്ചരിക്കുക എന്നത്. ഇത്തരം യാത്രകൾക്ക് ചെലവേറിയതിനാൽ, മിക്ക ആളുകൾക്കും രാജ്യം മുഴുവനും ചുറ്റിക്കറങ്ങി കാണുക എന്ന സ്വപ്നം സഫലമാക്കാൻ കഴിയാറില്ല. ഉയർന്ന ചെലവ് തന്നെയാണ് ഇത്തരം യാത്രകളിൽ നിന്ന് ഉൾവലിക്കാനുളള പ്രധാന കാരണം. എന്നാൽ, യാത്രാ പ്രേമികൾ നേരിടുന്ന ഈ പരിമിതി പരിഹരിക്കാൻ പുതിയൊരു പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ബഡ്ജറ്റിൽ ഒതുങ്ങുന്ന തുകയ്ക്ക് ഇന്ത്യ മുഴുവനും സഞ്ചരിക്കാനുള്ള അവസരമാണ് യാത്രാ പ്രേമികൾക്കായി ഐആർസിടിസി ഒരുക്കുന്നത്. 26,310 രൂപയിൽ തെക്ക് മുതൽ വടക്ക് വരെയുള്ള സ്ഥലങ്ങളിലെ കാഴ്ചകളാണ് ആസ്വദിക്കാൻ കഴിയുക. ഐആർസിടിസിയുടെ പുതിയ പാക്കേജിനെ കുറിച്ച് അറിയാം.
‘നോർത്ത് ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ എന്ന പാക്കേജാണ് ഐആർസിടിസി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ഗൗരവ് ട്രെയിനിലാണ് ഈ ദീർഘദൂര യാത്ര ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ ഇഷ്ടാനുസരണം എസി, സ്ലീപ്പർ ക്ലാസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. നവംബർ 19നാണ് യാത്ര പുറപ്പെടുക. 13 പകലും, 12 രാത്രിയും കാഴ്ചകൾ ആസ്വദിച്ച ശേഷം ഡിസംബർ ഒന്നിന് തിരികെ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഐആർസിടിസി ഉടൻ പ്രഖ്യാപിക്കുന്നതാണ്. ആകെ 754 സീറ്റുകൾ ഉള്ള ട്രെയിനിൽ 544 എണ്ണം ജനറൽ സീറ്റുകളും, 210 എണ്ണം കംഫർട്ട് സീറ്റുകളുമാണ്. മുതിർന്നവർക്ക് സ്റ്റാൻഡേർഡ് സീറ്റ് ബുക്കിംഗ് നിരക്ക് 26,310 രൂപയും, 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ്..
Also Read: ധർമ്മശാസ്താവ് കുടികൊള്ളുന്ന ആറാട്ടുപുഴ ക്ഷേത്രം! അറിയാം ഐതിഹ്യവും പ്രാധാന്യവും
Post Your Comments