പത്തനംതിട്ട : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. കഴിഞ്ഞ 32 മാസ കാലയളവിനുള്ളില്‍ ദീര്‍ഘകാലമായി മുടങ്ങി കിടന്ന വന്‍കിട വികസന പദ്ധതികള്‍ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 36 ലക്ഷത്തില്‍ നിന്നും 51 ലക്ഷമായി ഉയര്‍ത്തുകയും പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1200 രൂപയായി വര്‍ധിപ്പിച്ച് വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരുകയാണ്.
ജനാധിപത്യ വ്യവസ്ഥയ്ക്കു തടസമുണ്ടാകാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഗ്രാമപഞ്ചായത്തുകളുടെ ശാക്തീകരണത്തിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും ഇതു വിലയിരുത്തി അംഗീകാരം നല്‍കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജ് സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഗവി ഉള്‍പ്പെടെ ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments