കൊച്ചി : യുസി കോളജിനു സമീപം ആലുവാപ്പുഴക്കടവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട അജ്ഞാത യുവതിയാരെന്നു കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം 5 തുണികളെ ചുറ്റിപറ്റിയാണു മുന്നേറുന്നത്.
യുവതിയുടെ മൃതദേഹം പൊതിഞ്ഞു കെട്ടിയിരുന്ന പുതിയ വലിയ പുതപ്പ്, യുവതി ധരിച്ചിരുന്ന കരിനീല ടോപ്പ്, ഇളംപച്ച ത്രീ ഫോര്‍ത്ത് ബോട്ടം, ഇളം റോസ് നിറത്തിലുള്ള അടിവസ്ത്രം, കൊലപ്പെടുത്താന്‍ വായില്‍ തിരുകിവച്ച പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം. കരിനീല ടോപ്പും ഇളംപച്ച ത്രീ ഫോര്‍ത്തും ധരിച്ച് ഈ യുവതിയെ കണ്ടിട്ടുള്ളവര്‍ ചിത്രങ്ങള്‍ കണ്ടാല്‍ അവരെ ഓര്‍ത്തേക്കും. ഇതു വീടിനുളളില്‍ ധരിക്കുന്ന വസ്ത്രങ്ങളായതു തിരിച്ചടിയാണ്
ഓണ്‍ലൈന്‍ വഴിയും വില്‍പനയുള്ള ഇടത്തരം വിലയുള്ള വസ്ത്രങ്ങളാണ് ആലുവപ്പുഴയില്‍ കണ്ടെത്തിയ യുവതി ധരിച്ചിരുന്നത്. ഇവരുടെ മുടിയുടെ സ്വഭാവം അതില്‍ തേച്ച നിറം, നഖങ്ങള്‍ വളര്‍ത്തി ചായം തേച്ച രീതി, ശാരീരിക പ്രത്യേകതകള്‍ എന്നിവയില്‍ നിന്നു വടക്കു കിഴക്കന്‍ സംസ്ഥാനക്കാരിയാകാം കൊല്ലപ്പെട്ടതെന്നാണു പ്രാഥമിക നിഗമനം. നഗരത്തിലെ ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളിലാണു വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂടുതലായുള്ളത്. കൂടിയ ശമ്പളത്തില്‍ വീട്ടു ജോലിക്കു നില്‍ക്കാനും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ ഇപ്പോള്‍ തയാറാകുന്നുണ്ട്.
മൃതദേഹം പൊതിഞ്ഞു കെട്ടിയതു പുതിയ പുതപ്പിലായിരുന്നതിനാല്‍ അതിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡില്‍ നിന്ന് അതു വിറ്റ തുണിക്കട കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞു. പക്ഷേ, വസ്ത്രങ്ങളില്‍ നിന്നു യുവതിയെ തിരിച്ചറിയാന്‍ സഹായകരമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വ്യാപകമാകുന്നതിനു മുന്‍പു കേസിന്റെ ഭാഗമായി കണ്ടെത്തുന്ന വസ്ത്രങ്ങളില്‍ തുന്നിപ്പിടിപ്പിച്ച തയ്യല്‍ക്കടയുടെ പേരുകള്‍ കേസ് തെളിയിക്കാന്‍ പൊലീസിനെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവോടെ ഈ സാധ്യത ഇല്ലാതായി.
കൊലപ്പെടുത്തിയ യുവതിയെ ആലുവാപ്പുഴയില്‍ പൊതിഞ്ഞു തള്ളിയതു മധ്യവയസ്‌കരായ സ്ത്രീയും പുരുഷനുമാണെന്നാണു പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.
Post Your Comments