ചെന്നൈ : ട്രെയിന്‍ പാഞ്ഞെത്തിയപ്പോൾ സ്വന്തം മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്‍റെ ഭാര്യ രേവതിയാണ് ട്രെയിൻ തട്ടി മരിച്ചത്.തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.പന്ത്രണ്ടുകാരനായ മകൻ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ചെന്നെെയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകാനാണ് രേവതിയും ധനുഷും തിരുട്ടാനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവായ ലക്ഷ്മണന്‍ ബെെക്ക് പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് ധനുഷുമായി രേവതി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ചു കടക്കാന്‍ പാളത്തിലേക്ക് ഇറങ്ങി. ചെന്നെെ സെന്‍ട്രലില്‍ നിന്ന് വരുന്ന അഹമ്മദാബാദ് എക്സ്പ്രസ് ഇതേ സമയം അതേ ട്രാക്കിലൂടെ വന്നിരുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ഇരുവരും ട്രാക്കിലേക്ക് ഇറങ്ങിയതോടെ ട്രെയിന്‍ വരുന്നത് കണ്ട മറ്റ് യാത്രക്കാർ ബഹളം വെച്ചു.
ഇതോടെ രേവതി ഉടന്‍ ധനുഷിനെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. എന്നാല്‍, രേവതി പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.
Post Your Comments