
ദില്ലി: അതിര്‍ത്തികടന്ന് ബാലാകോട്ടില്‍ ഇന്ത്യയുടെ മിറാഷ് 2000 വിമാനം ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഉറങ്ങാതെ തല്‍സമയ വിവരങ്ങള്‍ അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ രണ്ടാം സർജിക്കൽ സ്ട്രൈക്ക് നിരീക്ഷിച്ച് സൗത്ത് ബ്ലോക്കിൽ ഉറങ്ങാതെയിരുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചര്‍ച്ചനടത്തി.
ഒടുവിൽ എല്ലാം കഴിഞ്ഞ് സൈനികർ തിരിച്ചെത്തിയതിനു ശേഷം ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ച് മോദി അടുത്ത ദിവസത്തെ പരിപാടികളിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. വെളുപ്പിന് നാലരയ്ക്ക് ജെയ്ഷെ മുഹമ്മദ് ക്യാമ്പുകളെ തവിടുപൊടിയാക്കി തിരിച്ചെത്തിയ വ്യോമസേന പോരാളികളെ അഭിനന്ദിച്ചതിനു ശേഷം പ്രത്യേക മന്ത്രിസഭാ യോഗത്തിനു വേണ്ടിയുള്ള കുറിപ്പുകൾ തയ്യാറാക്കുന്നതിനായി വീണ്ടും തിരക്കിലായി. സുരക്ഷ സമിതിയുടെ യോഗത്തിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക്. ഗാന്ധി സമാധാന സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു.
പിന്നീട് രാജസ്ഥാനിലേക്ക്.രാജസ്ഥാനിലെ ചുരുവിൽ നടന്ന റാലിയിൽ പങ്കെടുത്തതിനു ശേഷം തിരിച്ച് ഡൽഹിയിൽ ഇസ്കോണിന്റെ പരിപാടിയിൽ ഭഗവദ് ഗീത പ്രകാശനം. തിങ്കളാഴ്ച്ച രാത്രി ഒൻപതരയ്ക്ക് ശേഷം സൈനിക ഓപ്പറേഷൻ നിരീക്ഷിക്കാൻ ഇരുന്ന രാജ്യത്തിന്റെ പ്രധാന സേവകൻ ഉറങ്ങിയതേയില്ല. അദ്ദേഹം സൗത്ത് ബ്ലോക്കിൽ എവിടെയായിരുന്നു ഉണ്ടായിരുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. സൈനിക നീക്കത്തിന്റെ നിയന്ത്രണകേന്ദ്രം എവിടെയായിരുന്നെന്നും വിവരങ്ങളില്ല.
Post Your Comments