Latest NewsKerala

പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപ്പുസ്തകവുമായി യുഡിഎഫ്

കൊച്ചി: ഇടതു സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരം പേര്‍ക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് യുഡിഎഫ്. പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപുസ്തകവുമായി യുഡിഎഫ് രംഗത്തെത്തി. പിണറായി സര്‍ക്കാരിന്റെ പോരായ്മകള്‍ നിരത്തുന്നതാണ് കൈപ്പുസ്തകം. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്തു. ജനങ്ങളെ കഷ്ടത്തിലാക്കിയ ആയിരം ദിനങ്ങളാണ് കടന്നു പോയതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കൊല്ലുന്നതും നിഷേധിക്കുന്നതും പ്രതികളെ ഹാജരാക്കുന്നതും കുറ്റം സമ്മതിപ്പിക്കുന്നതും പിന്നീട് നിഷേധിപ്പിക്കുന്നതും എല്ലാം പാര്‍ട്ടിയാണ്. ഒന്നും നടത്താത്ത സര്‍ക്കാരാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത സര്‍ക്കാരാണിത്. 9.5 കോടി രൂപ ചെലവിട്ട് തിരഞ്ഞെടുപ്പ് പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഖജനാവ് കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ പണം പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുവാനോ ക്ഷേമപദ്ധതികള്‍ക്കോ ഉപയോഗിക്കാമായിരുന്നു. പരമ്പരാഗത തൊഴിലാളികള്‍ പട്ടിണിയിലാണ്. ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പ്രത്യേകം ബാലന്‍സ് ഷീറ്റുകള്‍ ഇറക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമരാഷ്ട്രീയം സര്‍ക്കാര്‍ ചെലവില്‍ ആയതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ആഘോഷിക്കാന്‍ മാത്രം എന്താണ് സര്‍ക്കാരിനുള്ളതെന്ന് പി കെ കുഞ്ഞാലികുട്ടി ചോദിച്ചു. ഇത്രയും നിര്‍ജീവമായ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button