ഇന്ത്യ- ആസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്ട്രേലിയ(1-0) മുന്നിലാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യ പരാജയപ്പെടാന്‍ കാരണം.
വിശാപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ അവസാന പന്ത് വരെ മുറ്റി നിന്ന പ്രകടനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. ഓസീസിനെ അവസാനം വരെ വിറപ്പിച്ചാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ഓവറില്‍ 14 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്ന ഓസിസിനെ ബുംറ തീപ്പന്തുകളെറിഞ്ഞ് വിയര്‍പ്പിച്ചു. വെറും രണ്ട് റണ്‍സ് വഴങ്ങിയ ബുംറ ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ രണ്ട് വിക്കറ്റുകളും നേടിയെടുത്തു. മൊത്തം നാലോവറുകള്‍ എറിഞ്ഞ ബുംറ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തെങ്കിലും വിജയം കാണാനായില്ല.
ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് നേടി ആസ്ട്രേലിയ മത്സരം സ്വന്തമാക്കുകയായിരുന്നു.അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിലെ ‘വില്ലന്‍’ ഉമേഷ് യാദവിന് ഇന്ന് പുറത്തിരിക്കേണ്ടി വരും. ബംഗളൂരുവില്‍ പൊതുവെ ബാറ്റിങ് അനുകൂല സാഹചര്യമായതിനാല്‍ ഉയര്‍ന്ന സ്കോര്‍ തന്നെ പ്രതീക്ഷിക്കാം.ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബോളര്‍ എന്ന ലക്ഷ്യത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബുംറക്ക് ബാക്കിയുള്ളത്. രണ്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ ബോളറെന്ന ആര്. അശ്വിന്റെ റെക്കോര്‍ഡ് അതോടെ ബുംറക്ക് സ്വന്തം.
Post Your Comments