നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന് നാഗ്‌പൂരില്‍ നടക്കും. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളര്‍മാര്‍ നിറം മങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരവും തോറ്റാല്‍ മൂന്ന് മത്സര പരമ്പര കൈവിടുമെന്ന കനത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റൻ കെഎല്‍ രാഹുലും ഓപ്പണര്‍മാരായി തുടരും. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ വിരാട് കോഹ്ലി മൂന്നാം നമ്പറിലും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങും. ആദ്യ മത്സരത്തിലേതുപോലെ ഹര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും അഞ്ചാം നമ്പറില്‍.
ആദ്യ മത്സരത്തില്‍ ഹര്‍ദ്ദിക് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. 30 പന്തില്‍ 71 റണ്‍സടിച്ച ഹര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ആറാം നമ്പറില്‍ റിഷഭ് പന്ത് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തി ദിനേശ് കാര്‍ത്തിക് കീപ്പിംഗില്‍ നിര്‍ണായ റിവ്യു എടുക്കാന്‍ നിര്‍ദേശിക്കുന്നതിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ അക്സര്‍ പട്ടേലാണ് ആറാമതായി ബാറ്റിംഗിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ കളിച്ചേക്കും. ബൗളിംഗ് നിരയിൽ അടി വാങ്ങികൂട്ടിയ ഭുവനേശ്വര്‍ കുമാര്‍ തന്നെ പേസ് നിരയില്‍ തുടരും. ഹര്‍ഷല്‍ പട്ടേലാകും രണ്ടാം പേസര്‍. മൂന്നാം പേസറായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയേക്കും.
Read Also:- ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന്: ബുമ്ര കളിക്കും
ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുമ്ര.
Post Your Comments