തിരുവനന്തപുരം•മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, ആര്‍ദ്രം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി, വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം, സ്‌കില്‍ ലാബ്, ശലഭം, സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കല്‍ ഫിസിയോളജി യൂണിറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ എന്നീ 10 സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പ്രാവര്‍ത്തികമാക്കി. പ്രാഥമികതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ മികച്ച സൗകര്യങ്ങളൊരുക്കി ജനസൗഹൃദമാക്കി വരികയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാന മിഷനുകളിലൊന്നായ ആര്‍ദ്രം മിഷന്‍ ആശുപത്രികളില്‍ നടപ്പിലാക്കി വരികയാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ജനസൗഹൃദമാക്കുക, പാവപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ഹൈടെക് സൗകര്യമൊരുക്കുക, ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുക എന്നിവയാണ് ആര്‍ദ്രം മിഷന്റെ മൂന്ന് പ്രധാന ദൗത്യങ്ങള്‍. ഇത് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷന്റെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് കഴിഞ്ഞ വര്‍ഷം ഉദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ 230 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കിയത്. 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ 2019ല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ദ്വിതല ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരുന്നു. 8 ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് അനുവദിച്ചത്. 5 മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനായി മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കിയിട്ടുണ്ട്. കിഫ്ബി വഴി തുക അനുവദിച്ചത് കൂടാതെ 200 കോടി രൂപ അധികമായും അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അതിന്റെ ഭാഗമായാണ് 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത്. ഇതുകൂടാതെ 11 കോടിയുടെ വിപുലമായ ട്രോമകെയര്‍ സംവിധാനം പൂര്‍ത്തിയായി വരികയാണ്. മെഡിക്കല്‍ കോളേജില്‍ മുടങ്ങിപ്പോയ കരള്‍മാറ്റ ശസ്ത്രക്രിയ ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായാണ് അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കിയത്. ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ മെഡിക്കല്‍ കോളേജ് ലോകോത്തര നിലവാരത്തിലേക്കുയരുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ വികസന വിപ്ലവമാണ് നടക്കുന്നതെന്ന് മുഖ്യാതിഥിയായ ദേവസ്വം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ഏതൊരു സ്വകാര്യ ആശുപത്രിയേയും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ആശുപത്രികളില്‍ ഒരുക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭ മേയര്‍ അഡ്വ. വി.കെ. പ്രാശാന്ത് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഇന്‍കല്‍ ചീഫ് എഞ്ചിനീയര്‍ പ്രേംകുമാര്‍ ശങ്കരപ്പണിക്കര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments