ന്യൂഡൽഹി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കൾ മുംബൈയിൽ നിന്നും സൂറത്തിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തു.സാമ്പത്തിക തട്ടിപ്പു കേസുകളില്‍ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന (PMLA) നിയമപ്രകാരമാണ് കുപ്രസിദ്ധ വജ്ര വ്യാപാരിയും സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീരവ് മോദിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തിൽ പണം തട്ടിയതുമായി ബന്ധപ്പെട്ടാതാണ് നീരവ് മോദിക്കെതിരായ ഏറ്റവും പ്രമുഖമായി നിലനിൽക്കുന്ന കുറ്റം.
നീരവിന്റെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും നിയന്ത്രണത്തിലുള്ള എട്ട് കാറുകൾ, ആഭരണ കരാറുകൾ, പെയിന്റിംഗുകൾ തുടങ്ങിയവ പിടിച്ചെടുത്ത വസ്തുക്കളിൽ പെടുന്നു.വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടിരുന്നു.
Post Your Comments