സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഉണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി.സൗദിയില്‍ ഇന്ത്യന്‍ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വിസ നേടുന്ന രീതിയാണ് നിലവിലുള്ളത്. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള സ്വദേശികള്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്. ബയോമെട്രിക് വിസ സമ്പ്രദായം പിന്‍വലിക്കണമെന്ന് സംസ്ഥാന ടൂറിസം വകുപ്പും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സൗദി അറേബ്യക്കും ഇലക്ട്രോണിക് വിസ സംവിധാനം അനുവദിക്കുന്നതോടെ നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം ഇന്ത്യ അവസാനിപ്പിക്കും. പുതിയ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലാതെ തന്നെ വിസ നേടാനാവും. ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴി അപേക്ഷയും വിസാ ഫീസും നല്‍കിയാല്‍ ഇമെയില്‍ വഴി വിസ ലഭിക്കും. പുതിയ മാറ്റം സംസ്ഥാന ടൂറിസത്തിന് പുത്തനുണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ചയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ഇലക്ട്രോണിക് വിസ സംവിധാനത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നു. പുതിയ സംവിധാനം ഉടനെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. നിലവില്‍ 150ലധികം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്.
Post Your Comments