ന്യൂഡൽഹി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നൽകിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുണ്ടാകൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്‌പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കാനും ഇ വിസയ്ക്ക് മാത്രം അംഗീകാരം നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
അഫ്ഗാനിസ്താനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ലോജിസ്റ്റിക്‌സ് ആസ്ഥാനത്താണ് കേന്ദ്ര സർക്കാർ അഫ്ഗാനിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിയ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments