തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 12 ലക്ഷം പേരാണ് കേരളത്തിൽ നിന്നും അപേക്ഷിച്ചത്. അപേക്ഷ നൽകി മൂന്നാം ദിനം പദ്ധതിയുടെ ആനുകൂല്യം കർഷകർക്ക് ലഭിച്ചു തുടങ്ങി . പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സാമ്പത്തിക ആനുകൂല്യം കർഷകരുടെ ബാങ്ക് അക്കൌണ്ടിൽ എത്തി.ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്ന് ഉൾപ്പടെ അപേക്ഷ നൽകിയ കർഷകരുടെ ബാങ്കിൽ പണമെത്തി.
തെരഞ്ഞെടുപ്പിൽ കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണിതെന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയാണിത്.6000 രൂപയാണ് ഒരു വർഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായ 2000 രൂപയാണ് അക്കൌണ്ടുകളിൽ എത്തിത്തുടങ്ങിയത്. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലാണ് ആദ്യ ഗഡു ലഭിക്കുക.
ആദ്യ ഗഡുവായ 2000 രൂപ ലഭിക്കുന്നതിന് മാർച്ച് 31 വരെ കൃഷി ഭവനുകളിൽ അപേക്ഷിക്കാം.ഇക്കഴിഞ്ഞ ബജറ്റിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിന്നും ഇതുവരെ 12 ലക്ഷം പേരാണ് പദ്ധതിക്കായി അപേക്ഷിച്ചത്. ഇതിൽ 2.61 ലക്ഷം പേർ അർഹത നേടി. ബാക്കിയുള്ളവരുടെ രേഖകൾ പരിശോധിച്ച് വരുന്ന മുറയ്ക്ക് ആനുകൂല്യം ലഭ്യമാകും. അപേക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ ആനുകൂല്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകരും.
Post Your Comments