KeralaLatest NewsIndia

പിഎം കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് അനർഹമായി സഹായം കൈപ്പറ്റിയവർ 30,416 പേർ: നടപടി തുടങ്ങി

തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നും തുക തിരിച്ചുപിടിക്കാൻ നടപടികൾ തുടങ്ങി. അനർഹരെന്ന് കണ്ടെത്തിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം തുക തിരിച്ചടക്കണമെന്ന് കാട്ടി നോട്ടീസ് നൽകിത്തുടങ്ങി. സംസ്ഥാന കൃഷി വകുപ്പ് മുഖേനയാണ് നോട്ടീസ് നൽകുന്നത്. തുക തിരിച്ചടച്ചില്ലെങ്കിൽ ഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള ആനുകൂല്യങ്ങൾ തടയുമെന്നും നിയമ നടപടികളിലേക്ക് കടക്കുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിപരീതമായി തുക കൈപ്പറ്റിയവർക്കാണ് നോട്ടീസ് നൽകുന്നത്. കിസാൻ സമ്മാൻ പദ്ധതിയിൽ അനർഹരായവർ വ്യാപകമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് സഹായം കൈപ്പറ്റിയവരിൽ 30,416 പേർ അനർഹരാണെന്നാണ് കണക്കുകൾ. കേന്ദ്ര, സംസ്ഥാന ഏജൻസികൾ നടത്തിയ പരിശോധനയിലാണ് കണക്കുകൾ പുറത്തുവന്നത്. ഇതിൽ 21,018 പേർ ആദായനികുതി അടയ്ക്കുന്നവരാണ്. 37 ലക്ഷം കർഷകരാണ് കേരളത്തിൽ നിന്ന് പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ചേർന്നത്.

സർക്കാരിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടാംഘട്ടത്തിലെ സൂക്ഷ്മ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. കൃഷിവകുപ്പിലെ ഫീൽഡ് ലെവൽ ഓഫീസർമാർ അനർഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ അനർഹരായവരിൽ നിന്ന് 31 കോടി രൂപയാണ് തിരിച്ചു കിട്ടാനുള്ളത്. ഇതിൽ നാലു കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button