കാസര്‍കോട്: പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ നാളെ സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് കളക്ട്രേറ്റ് ഹാളിലാണ് യോഗം നടക്കുക.
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷിന്റേയും മരണത്തെ തുടര്‍ന്ന് കാസര്‍കോട് വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം ജില്ലയില്‍ ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കെല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ എത്താത്തതും വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തി.
അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത്തിന്റേയും കൃപേഷിന്റേയും വീടുകളില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായിട്ടാണ് താന്‍ വന്നതെന്നായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്.
Post Your Comments