
മുംബൈ: ഓസ്ട്രേലിയക്കെതിരെ ആദ്യ ട്വന്റി-20 മത്സരത്തില്‍ അര്‍ഹിച്ച വിജയം കൈവിട്ട ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. ധോനിയുള്‍പ്പെടെയുള്ള താരങ്ങളുടെ അലംഭാവമാണ് തോല്‍വിക്ക് കാരണമെന്ന് ആരാധകര്‍ ആരോപിച്ചു. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്കായി ധോനി 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഇതോടെ 20 ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 126 റണ്‍സ് മാത്രം.
37 പന്തില്‍ നിന്ന് ധോനി നേടിയത് ഒരു സിക്സ് മാത്രമാണ്. സ്‌ട്രൈക്ക് റേറ്റ് വെറും 60 മാത്രവും. 20 ഓവര്‍ മത്സരത്തില്‍ 100ല്‍ താഴെ റണ്‍ ശരാശരിയില്‍ ബാറ്റ് വീശുന്നത് ടീമിന്റെ ഓവറോള്‍ പ്രകടനത്തെ ബാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ അശ്രദ്ധ കാരണം ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയ ട്വന്റി-20 ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍മാരെല്ലാം പൂര്‍ണമായും പരാജയപ്പെട്ടു.
എന്നാല്‍ ഒരുഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ 120 കടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ധോനി ബാറ്റ് വീശിയതെന്ന വാദവുമായി മറ്റു ചിലരും രംഗത്ത് വന്നിട്ടുണ്ട്. കമ്മിന്‍സും റിച്ചാര്‍ഡ്സണും അവസാന ഓവറില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വിജയം പിടിച്ചെടുത്തത്. ഒരുഘട്ടത്തില്‍ വിജയം ഉറപ്പിച്ച ഇന്ത്യ എന്നാല്‍ അവസാന ഓവറില്‍ വിജയം കൈവിടുകയായിരുന്നു.
Post Your Comments