മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ബാബാ സാഹെബ് അംബേദ്കര്‍ ഇനി ഇംഗ്ലീഷ്-മലയാളം സബ്‌ടൈറ്റിലോടെ കാണാം. മലയാളം സബ്‌ടൈറ്റിലുകള്‍ ഒരുക്കുന്ന എം.സോണാണ് ബാബാ സാഹെബ് അംബേദ്കര്‍ സിനിമയുടെ മലയാളം പരിഭാഷ ഒരുക്കിയിരിക്കുന്നത്. എം സോണ്‍ മലയാളത്തിലെ സുഭാഷ് ഒട്ടുംപുറം, സുനില്‍ നടക്കല്‍, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുല്‍ മജീദ്, പ്രവീണ്‍ അടൂര്‍ എന്നിവരാണ് പരിഭാഷ ഒരുക്കിയത്. രണ്ട് മണിക്കൂര്‍ അന്‍പത്തി ഒമ്പത് മിനുട്ടുള്ള സിനിമയുടെ പരിഭാഷക്ക് വേണ്ട സാങ്കേതിക സഹായം ഒരുക്കിയതും ഇതേ സംഘത്തിലെ പ്രവീണ്‍ അടൂര്‍, നിഷാദ്, ലിജോ ജോയ് എന്നിവരാണ്.
1901 മുതല്‍ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ബാബാ സാഹെബ് അംബേദ്കര്‍ സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടിക്ക് 1998 ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിനര്‍ഹമാക്കിയ ചിത്രം ജബ്ബാര്‍ പട്ടേലാണ് സംവിധാനം ചെയ്തത്. എംസോണ്‍ തന്നെയായിരുന്നു നേരത്തെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒരുക്കിയത്. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇംഗ്ലീഷ് പരിഭാഷ എംസോണ്‍ റിലീസ് ചെയ്തത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അംബേദ്കര്‍ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നത് പരിഭാഷാ സംഘത്തിന് പ്രചോദനം നല്‍കിയെന്നും എം സോണ്‍ മലയാളം പറയുന്നു. സബ്‌ടൈറ്റില്‍ എം സോണിന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
Post Your Comments