മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്‍ പാക്കിസ്ഥാനെ അനൂകൂലിക്കുന്നു എന്നരീതിയിലായിരുന്നു വിമര്‍ശനം. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍.
ലോകകപ്പില്‍ പാക്കിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പിക്കുകയാണ് വേണ്ടതെന്ന് സുനില്‍ ഗവാസ്‌കറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന്‍ കൂടുതലായി ആക്രമിക്കപ്പെട്ടു. സച്ചിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പടരുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് എന്‍ സി പി അധ്യക്ഷനും ഐ സി സി, ബി സി സി ഐ മുന്‍ തലവനുമായ ശരത് പവാര്‍.
സച്ചിന്‍ ഭാരത് രത്നവും സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മറ്റൊരു ഐക്കണുമാണ്. ലോകകപ്പില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താനാകും എന്നാണ് സച്ചിനും ഗവാസ്‌കറും വിശ്വസിക്കുന്നത്. എന്നാല്‍ സച്ചിന്‍ വിമര്‍ശിക്കപ്പെട്ടു, പാക്കിസ്ഥാന് അനുകൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. 15-ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് തന്റെ ഐതിഹിക കരിയറിന് സച്ചിന്‍ തുടക്കമിട്ടതെന്നും വിമര്‍ശകരോട് ശരത് പവാര്‍ വ്യക്തമാക്കി.
ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, അസറുദ്ദീന്‍, ഹര്‍ഭജന്‍ തുടങ്ങിയ താരങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറരുതെന്ന് വാദിച്ച് സച്ചിനും ഗവാസ്‌കറും രംഗത്തെത്തിയത്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫോഡിലാണ് ഇന്ത്യാ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്.
Post Your Comments