തിരുവനന്തപുരം : ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്‌സ് വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ആദ്യ എക്‌സ്പ്രസ്സ് റിക്രൂട്ട്്‌മെന്റ് സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് സേവനം അതിവേഗത്തിൽ ഉദേ്യാഗാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൗദി അറേബ്യയിലെ അൽമൗവാസാറ്റ് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ റോജൻ അലക്‌സുമായി വീഡിയോ കോൺഫറൻസിലൂടെയാണ് റിക്രൂട്ട്‌മെന്റ് നടപടിക്ക് തുടക്കമിട്ടത്. ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാവുമായി നേരിട്ട് ഉദേ്യാഗാർത്ഥികളെ ബന്ധപ്പെടുത്തി സുതാര്യവും അതിവേഗവുമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയാണ് നോർക്ക റൂട്ട്‌സിന്റെ സവിശേഷത. സാധാരണ റിക്രൂട്ട്‌മെന്റ് നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി അതിവേഗത്തിൽ നിയമന നടപടികൾ ആരംഭിക്കാൻ സാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അടുത്ത റിക്രൂട്ട്‌മെന്റ് ഫെബ്രുവരി 28 ന് രാവിലെ 11.30 ന് നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്തു നടക്കും. റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ rmt4.norka@kerala.gov.in ൽ ബയോഡേറ്റകൾ നൽകണം. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി. ജഗദ്ദീശ്, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരി, അസിസ്റ്റന്റ് മാനേജർ വി.മോഹനൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Post Your Comments