ആലപ്പുഴ : ഉൽപ്പാദനമേഖലയുടെ നട്ടെല്ലായ കർഷകരെയും വറുതിയിൽ വട്ടം ചുറ്റുന്ന മൽസ്യത്തൊഴിലാളികളെയും കൈപിടിച്ചുയർത്തുന്ന സർക്കാരാണ് നരേന്ദ്ര മോഡി സർക്കാരെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ പറഞ്ഞു. നരേന്ദ്ര മോഡി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുന്നതിനുമുള്ള വീഡിയോ വാനിന്റെ ആലപ്പുഴയിലെ പ്രയാണം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയ്ക്കും മത്സ്യ മേഖലയ്ക്കും ഇത്രയേറെ സഹായകരമായ സമീപനം സ്വീകരിച്ച ഒരു സർക്കാർ നാളിതുവരെ ഉണ്ടായിട്ടില്ല. കൃഷി നശിച്ചാൽ കിടപ്പാടം വിൽക്കേണ്ടി വരുന്ന പാവം കർഷകന് കൈത്താങ്ങായാണ് കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. എന്നാൽ ആ പദ്ധതി പോലും കേരളത്തിൽ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ തങ്ങളുടേതാക്കാൻ സംസ്ഥാന സർക്കാരും ആലപ്പുഴ എം.പി,.യും കിണഞ്ഞു പരിശ്രമിക്കുന്നു. ഫ്ലക്സ് വിപ്ലവത്തിലൂടെയല്ല ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതെന്ന് ആലപ്പുഴ എം.പി. മനസിലാക്കുന്നത് നന്നായിരിക്കും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.പുരുഷോത്തമൻ, മണ്ഡലം വൈസ് പ്രസിഡണ്ട് എൻ.ഡി.കൈലാസ്, മറ്റു ഭാരവാഹികളായ പി.കണ്ണൻ, ഉണ്ണികൃഷ്ണ മേനോൻ, വിശ്വവിജയപാൽ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Post Your Comments