ലോസ് ആഞ്ജലിസ്: പതിമൂന്നു മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് മുറിയില്‍ പൂട്ടിയിട്ട മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 14 തീവ്രമായ കുറ്റങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരാണ് സ്വന്തം മക്കളെ ഒന്നു കുളിക്കാന്‍ പോലും അനുവദിക്കാതെ പീഡനത്തിനിരയാക്കിയത്.
ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെയാണ് ദമ്പതികള്‍ ചങ്ങലയില്‍ ബന്ധിച്ച് മുറിയില്‍ പൂട്ടിയിട്ടത്. 2018 ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് മനുഷ്യരാശിയെ ഞെട്ടിക്കുന്ന മാതാപിതാക്കളുടെ ക്രൂരത പുറത്തു വന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മുഴുവന്‍ കുട്ടികളേയും മോചിപ്പിക്കുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുട്ടികള്‍ പോലീസിനെ അറിയിച്ചത്. ആദ്യമൊക്കെ കയറിലാണ് തങ്ങളെ കെട്ടിയിട്ടിരുന്നത്. പിന്നീടത് ചങ്ങലയിലേയ്ക്കായി. മാതാപിതാക്കള്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കാറുണ്ടെന്നും കഴുത്തു ഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. ചിലപ്പോള്‍ മാസങ്ങളോളം കെട്ടിയിടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുളിക്കാന്‍ അനുവദിക്കൂ. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകാനിടയായാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
ഇവരുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ വീടിന് ഉള്‍ഭാഗം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു.തന്റെ കരിയറില്‍ കണ്ട ഏറ്റവും വലിയ ശിശുപീഡന കേസാണ് ഇതെന്ന് കേസ് പരിഗണിക്കവെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിഷേല്‍ ഹെസ്ട്രിന്‍ പറഞ്ഞു.
Post Your Comments