KeralaLatest News

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കും

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാല യുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ഫിലിപ്പൈൻസ്, ടാൻസാനിയ തുടങ്ങി പത്തു രാജ്യങ്ങളോടൊപ്പം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന നടപ്പാക്കുന്ന പദ്ധതിയിലാണ് കേരളത്തെയും ഉൾപ്പെടുത്തിയത്. ലോകമെമ്പാടും ദുരന്ത സാധ്യതകൾ വർദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുകയും പരിസ്ഥിതി നാശം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷണവും ദുരന്ത ലഘൂകരണവും ഒരുമിക്കുന്ന പദ്ധതിയെപ്പറ്റി ചർച്ച ഉണ്ടായത്. സംസ്ഥാനത്തെ പ്രതിനീധികരിച്ച് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താജെറോം ശില്പശാലയിൽ പ്രബന്ധം അവതരിപ്പിച്ചു. കേരളം പ്രളയത്തെ അതിജീവിച്ചതും അതിൽ യുവാക്കൾ വഹിച്ച പങ്കും അടിസ്ഥാനമാക്കി ആയിരുന്നു പ്രബന്ധം. കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ വഹിക്കുന്ന പങ്കും പ്രബന്ധത്തിൽ പരാമർശിക്കപ്പെട്ടു. സെമിനാറിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാനത്തിന്റെ പ്രളയ അതിജീവന പ്രവർത്തനത്തെ പ്രകീർത്തിച്ചു.

പുതുതലമുറയുടെ സാമൂഹിക ശൃംഖലകൾ വഴി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം എന്നിവയെപ്പറ്റിയുള്ള സാമൂഹികാവബോധം വർധിപ്പിക്കുക, ദുരന്ത ലഘൂകരണത്തിൽ യുവാക്കളുടെ പങ്കാളിത്തമുണ്ടാക്കുക എന്നിവയും ശില്പശാലയിൽ വിഷയമായി. ഹ്യൂമൻ നെറ്റ്‌വർക്കിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയും ചിന്താ ജെറോം സംസാരിച്ചു. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button