ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രാജ്യാന്തര സാമ്പത്തിക കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് (FATF). ലഷ്കര്‍ ഇ ത്വയ്യിബ, ജയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് പാകിസ്ഥാന്‍ തുടരുകയാണെന്ന് കൂട്ടായ്മ വ്യക്തമാക്കി. ‘പുല്‍വാമ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. തീവ്രവാദികള്‍ക്ക് കൃത്യമായി പണം ആരെങ്കിലും നല്‍കാതെ ഇത്തരമൊരു ആക്രമണം നടക്കില്ല.’ എഫ്‌എടിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുന്നറിയിപ്പുകള്‍ അവഗണിച്ചും നടപടി തുടരുന്നതിനാല്‍ പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ നിന്ന് ഒഴിവാക്കണ്ടെന്നാണ് എഫ്‌എടിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്‌എടിഎഫ്. പാരീസില്‍ നടന്ന സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് തീരുമാനം.
ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങാന്‍ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉള്‍പ്പടെയുള്ളവയില്‍ നിന്ന് വായ്പകള്‍ വാങ്ങാനും പാകിസ്ഥാന് എളുപ്പത്തില്‍ കഴിയില്ല.നിലവില്‍ കടക്കെണിയില്‍ വലയുകയാണ് പാകിസ്ഥാന്‍. കഴിഞ്ഞ ആഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ 20 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
ഐഎംഎഫും പാകിസ്ഥാന് വായ്പ വാഗ്ദാനം ചെയ്തിരിക്കുകയാണ്. മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്‌എടിഎഫ് സമയം നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ രാജ്യത്തെ ഭീകരവാദസംഘടനകള്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. ഒരിക്കല്‍ കരിമ്പട്ടികയില്‍ പെട്ടാല്‍ പാകിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. എല്ലാ സാമ്പത്തിക ഏജന്‍സികളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും സഹായം നിന്നാല്‍ പാകിസ്ഥാന്‍റെ സാമ്പത്തികരംഗം തകര്‍ന്നടിയും.
കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി എഫ്‌എടിഎഫ് മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇപ്പോള്‍ത്തന്നെ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം എഫ്‌എടിഎഫ് അംഗീകരിച്ചില്ല. പക്ഷേ, നീക്കത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പാകിസ്ഥാന് പുല്‍വാമ ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ എഫ്‌എടിഎഫിന് മുന്നില്‍ വയ്ക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കി.
Post Your Comments