KeralaLatest News

ഒരുവര്‍ഷമായിട്ടും വിചാരണ തുടങ്ങാതെ മധു കൊലക്കേസ്

അട്ടപ്പാടി: മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ചിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെ കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം പ്രതിഫലത്തിന്റെ പേരില്‍ സര്‍ക്കാര്‍ റദ്ദാക്കിയതും മണ്ണാര്‍ക്കാട് എസ് സി – എസ് ടി കോടതിയില്‍ സ്ഥിരം ജഡ്ജിയില്ലാത്തതുമാണ് കേസിന് പ്രധാന തിരിച്ചടിയായത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാല്‍ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നാണ് വിവരം.

കേസ് നടക്കുന്ന മണ്ണാര്‍ക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും ഡിവൈഎസ്പി റാങ്കിലുളള ഒരുദ്യോഗസ്ഥന്റെ സഹായവും ഗോപിനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ച് നല്‍കിയില്ല. നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് പിന്നീട് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നെന്നും ഫീസിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നുമാണ് ഗോപിനാഥ് പറയുന്നത്.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ മാറ്റിയത്. ഇതോടെ വിചാരണ വൈകുകയായിരുന്നു. വന്‍ തുക പ്രതിഫലം നല്‍കി സര്‍ക്കാര്‍ കേസുകളില്‍ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പ്രതിഫലത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നത് ഏറെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഇതിനിടെ അട്ടപ്പാടിയിലെ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.
മധുവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നല്‍കിയിരുന്നു. പക്ഷേ ഈ അന്വേഷണം പോരെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button