തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികൾ അർഹിച്ചത്. ആദിവാസി യുവാവിനെ പരസ്യമായി തല്ലിക്കൊന്നത് കൊലക്കുറ്റമല്ലാതാക്കിയത് സർക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരും സിപിഎമ്മും കേസ് അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തിയിരുന്നു. 2018ൽ നടന്ന കേസിൽ വിചാരണ തുടങ്ങിയത് അടുത്ത കാലത്താണ്. പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. ഇപ്പോഴത്തെത് നാലാമത്തെ പ്രോസിക്യൂട്ടറാണ് എന്നതിൽ തന്നെ സർക്കാരിന്റെ സമീപനം വ്യക്തമാവും. സിപിഎം ക്രിമിനലുകൾ പ്രതികളായ കൊലക്കേസുകളിൽ അവരെ രക്ഷപ്പെടുത്താൻ ഖജനാവിൽ നിന്നും ലക്ഷങ്ങൾ കൊടുത്ത് സുപ്രീംകോടതി വക്കീലുമാരെ കൊണ്ടു വന്ന സർക്കാരാണിത്. മധുവിന്റെ കേസിൽ സിപിഎമ്മുകാർ ഉൾപ്പെടുന്നതു കൊണ്ടാണ് സർക്കാർ അലംഭാവം കാണിച്ചത്. ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കാതെ മണ്ണാറക്കാട് എംഎൽഎയും ലീഗ് നേതാവുമായ ഷംശുദ്ധീനും സിപിഎമ്മിനോടൊപ്പം ഒത്തുകളിച്ചു. പ്രതികളിൽ ചിലർക്ക് ലീഗ് ബന്ധമുള്ളതു കൊണ്ടാണ് എംഎൽഎ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോഴും മധുവിന്റെ അമ്മയെയും സഹോദരിയേയും കേസിലെ പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോഴും പൊലീസ് അനങ്ങിയില്ല. മധുവിന്റെ കുടുംബത്തിന്റെ ദൃഢനിശ്ചയവും പാലക്കാട്ടെ മാദ്ധ്യമപ്രവർത്തകരുടെ ജാഗ്രതയുമാണ് പ്രതികൾ ശിക്ഷിക്കപ്പെടാൻ കാരണമായത്. മറ്റു കേസുകളിലെ പോലെ തന്നെ ഭരണപക്ഷത്തിന്റെ ഇംഗിതത്തിനൊപ്പം നിൽക്കുകയാണ് ഈ കേസിലും പ്രതിപക്ഷം ചെയ്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Post Your Comments