പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനും കുടുംബത്തിനും നീതി കിട്ടിയെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കേസിൽ പതിനാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. ഇന്നാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുക. ഇതിനിടെയാണ് മധുവിനും കുടുംബത്തിനും നീതി ലഭിച്ചെന്ന് ചിന്ത ജെറോം അവകാശപ്പെട്ടത്. കേസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിച്ച സർക്കാരും പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും ചിന്ത ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചതിൽ അതിയായ സന്തോഷം. മധുവിന് നീതി ഉറപ്പാക്കുക എന്നത് ജനാധിപത്യ കേരളത്തിൻ്റെ പൊതു ആഗ്രഹമായിരുന്നു. ഈ കേസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിച്ച സർക്കാരും പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ചിത്രം: മുൻ കമ്മീഷൻ അംഗവും നിലവിൽ കോന്നി എംഎൽഎയുമായ കെ. യു. ജനീഷ്കുമാർ, മുൻ കമ്മീഷൻ അംഗം കെ. മണികണ്ഠൻ എന്നിവർക്കൊപ്പം മധുവിന്റെ വീട് സന്ദർശിച്ചത്’, ചിന്ത ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, മധുക്കേസിൽ സി.പി.എമ്മിന് നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ പ്രതിയെ 2021 -ൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്നായിരുന്നു ഇത്. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രതികൾക്ക് സിപിഎമ്മുമായും ബന്ധമുണ്ടെന്ന ആരോപണം നില നിൽക്കെയായിരുന്നു ഈ നടപടി. ഇത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചിരുന്നു.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്മന്‍,ആറാം പ്രതി അബുബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 2പ്രതികളെ വെറുതെ വിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
Post Your Comments