ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരരെയുള്ള മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗവാസ്‌ക്കറിന്റെ പ്രതികരണം. മത്സരം ബഹിഷ്‌കരിക്കുന്നത് എതിര്‍ ടീമിന് ഗുണകരമായ കാര്യമാണ്. കളത്തിലറങ്ങാതിരുന്നാല്‍ അത് പാകിസ്ഥാന് രണ്ട് പോയിന്റ് ദാനം നല്‍കുന്നതിന് തുല്യമായിരിക്കും.
മത്സരം ബഹിഷ്‌കരിക്കുന്നതിന് പകരം പാകിസ്ഥാനെതിരെ കളിച്ച് അവര്‍ കലാശക്കളിക്ക് യോഗ്യത നേടുന്നില്ലെന്ന് ഉറപ്പിക്കുകയാണ് കളിക്കളത്തില്‍ ചെയ്യാവുന്ന നല്ല മാര്‍ഗമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് എന്ത് തീരുമാനമാണോ എടുക്കുന്നത് താനത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ലെന്നത് വസ്തുതയാണ്. ലോകകപ്പ് മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം, പരസ്പരമുള്ള പരമ്പരകളില്‍ സഹകരിക്കാതെ ഇന്ത്യക്ക് പ്രതിഷേധം അറിയിക്കാവുന്നതേയുള്ളു. താന്‍ ഏറ്റവും ബഹുമാനിക്കുന്ന ക്രിക്കറ്ററായ ഇംറാന്‍ ഖാനാണ് ഇന്ന് പാകിസ്ഥന്‍ ഭരിക്കുന്നത്. പരസ്പമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം മുന്‍കൈ എടുക്കണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് വിലക്കാനുള്ള നീക്കങ്ങള്‍ ബി.സി.സി.ഐ തുടങ്ങിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. സുപ്രിംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി (സി.ഒ.എ) ഇതു സംബന്ധിച്ച് കത്ത് തയ്യാറാക്കിയിരുന്നു. ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് കൈമാറാനാണ് കത്ത് തയ്യാറാക്കിയതെന്നും പാകിസ്താനെ വിലക്കിയില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുമെന്ന സന്ദേശവും കത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു.
Post Your Comments