പെരിയ: കൊല്ലണം എന്ന് തീരുമാനിച്ചുകൊണ്ടുള്ള അക്രമമായിരുന്നു പെരിയയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയ ശരത്‌ലാലിനും കൃപേഷിനും എതിരെ എന്ന് കേസിലെ മുഖ്യപ്രതിയായ എ പീതാംബരന്‍. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും പോലീസ് കണ്ടെടുത്തു. തെളിവെടുപ്പിനിടെ പീതാംബരന്‍ ആയുധങ്ങള്‍ കാണിച്ച് കൊടുക്കുകയായിരുന്നു.
പീതാംബരന്റെ മൊഴി അനുസരിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന കൃപേഷിനേയും ശരത്‌ലാലിനെയും ജീപ്പിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം ”പീതാംബരന്‍ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‌ലാലിന്റെ തലയ്ക്കടിച്ചു. തുടര്‍ന്നു മറ്റുള്ളവര്‍ വാളുകള്‍ കൊണ്ടും ഇരുമ്പു പൈപ്പുകള്‍ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.”
എന്നാല്‍ തെളിവെടുപ്പില്‍ കണ്ടെത്തിയ കൊലക്കുപയോഗിച്ച് എന്ന് പറയപ്പെടുന്ന വടിവാള്‍ തുരുമ്പെടുത്ത നിലയിലാണ്. അതുകൊണ്ട് തന്നെ ഈ വടിവാള്‍ ഉപയോഗിച്ചാണോ കൊലപാതകം നടത്തിയത് എന്ന് സംശയമുണ്ട്. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവര്‍ത്തകന്‍ ശാസ്താ ഗംഗാധരന്റെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ശരത്‌ലാലിന്റെയും കൃപേഷിന്റെയും ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ ആണ് ഏറ്റിട്ടുള്ളത്. കൃപേഷിന്റെ തലയോട്ടി പിളര്‍ന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടാതെ ശരത്‌ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിചേര്‍ന്ന അവസ്ഥയിലായിരുന്നു. അതുമാത്രമല്ല ശരത്‌ലാലിന്റെ മരണത്തിനു കാരണമായ നെറ്റിയിലെയും കഴുത്തിലെയും വെട്ടുകള്‍ ഒരു തുരുമ്പെടുത്ത വടിവാള്‍ ഉപയോഗിച്ച ഉണ്ടാക്കാനാകുമോ എന്നാണു സംശയം.
ഇത്തരത്തിലുള്ള വലിയ ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കില്‍ മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പീതാംബരന്‍ പറയുന്നത് പോലെ മരണപ്പെട്ടവരുടെ ശരീരത്തില്‍ ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനപ്പാടുകളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല. ശരത് ലാലിന്റെ ശരീരത്തില്‍ ഉണ്ടായിട്ടുള്ള മുറിവുകള്‍ എല്ലാം വടിവാള്‍ കൊണ്ട് വെട്ടി ഉണ്ടാക്കിയതാണ്. ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല.
Post Your Comments