അക്കാദമിക നിലവാരത്തിനൊപ്പം കലാസാംസ്‌കാരിക മേഖലയിലും കലാലയങ്ങളെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലില്‍ പറഞ്ഞു. പനമ്പിള്ളി സ്‌മാരക സര്‍ക്കാര്‍ കോളേജില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ലൈബ്രറി മന്ദിരത്തിന്റെയും ഉദ്‌ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുതിയ സാഹചര്യങ്ങളില്‍ അധ്യാപകര്‍ അപ്‌ഡേറ്റ് ആകേണ്ടതിനെക്കുറിച്ചും മന്ത്രി പറഞ്ഞു. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷനായി. ആത്യാധുനിക സൗകര്യങ്ങളോടെയാണ് കോളേജില്‍ ലൈബ്രറി മന്ദിരം സജ്ജമാക്കിയിട്ടുള്ളത്. 3000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉച്ചതാ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതി പ്രകാരം കോളജ് വികസനത്തിന് അനുവദിച്ച 2 കോടി രൂപയില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണു ലൈബ്രറി മന്ദിരം ഒരുക്കിയിട്ടുള്ളത്. കോളേജില്‍ എംഎ മലയാളം, ബിഎസ്‌സി ഫിസിക്‌സ് കോഴ്‌സുകളാണ് പുതിയതായി അനുവദിച്ചിട്ടുള്ളത്.
Post Your Comments