കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക്കേസില്‍ അറസ്റ്റിലായ എ.പീതാംബരന്റെ കുടുംബത്തിന് സിപിഎം രഹസ്യ സഹായ വാഗ്ദാനം നടത്തിയെന്ന് സൂചന. സിപിഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബം വെളിപ്പെടുത്തി. പാര്‍ട്ടിയുടെ അറിവോടെയാണ് പീതാംബരന്‍ കൊല ചെയ്തതെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നേതാക്കള്‍ വീട്ടിലെത്തിയത്.
പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ വേദികയും പാര്‍ട്ടിയെ എതിര്‍ത്ത് രംഗത്ത് വന്നത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അതിനു പി്ന്നാലെയാണ് കുടുംബം പ്രതികരണം മാറ്റിയത്. ”ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.” പാര്‍ട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, പിന്നീടാണു സഹായവാഗ്ദാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തുറന്നുപറഞ്ഞത്.
പീതാംബരനെ പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും അയാളുടെ കുടുംബത്തിന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായാണ് സൂചന. പാര്‍ട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വാങ്ങിയില്ല. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും എന്റെ മകന്റെ ജീവിതം നശിച്ച ശേഷം ഇനി എനിക്കു പണം വേണ്ടെന്ന് പീതാംബരന്റെ അമ്മ എ.തമ്പായി സിപിഎം നേതാക്കളോട് പറഞ്ഞു.
പീതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നാണ് കുടുംബം പറയുന്നത്. കൊലപ്പെട്ട് യുവാക്കളുമായി മുമ്പുണ്ടായ പ്രശ്‌നത്തില്‍ പീതാംബരന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് മര്‍ദനത്തില്‍ കൈക്കു ഗുരുതര പരുക്കേറ്റ് കയ്യില്‍ സ്റ്റീല്‍ കമ്പി ഇട്ടിരുന്നു. അതിനു ശേഷം സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം വേണം. ഈ അവസ്ഥയില്‍ കൊലപാതകത്തില്‍ പങ്കാളിയായെന്നു വിശ്വസിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു.
എന്നാല്‍ മഞ്ജുവിനെക്കൊണ്ട് ഇങ്ങനെയെല്ലാം പറയിപ്പിച്ചത് പീതാംബരന്‍ ആണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ചെയ്യുന്നയാള്‍ വിചാരിക്കുന്നത് താനാണു പാര്‍ട്ടിയെന്നാണ്. അതല്ല പാര്‍ട്ടി. ഒരാള്‍ പാര്‍ട്ടി ആണെന്നു പറഞ്ഞ് എന്തെങ്കിലും ചെയ്താല്‍ അതു പാര്‍ട്ടി നിലപാടാകില്ല. കാസര്‍കോട്ടു നടന്നതു പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു ലോക്കല്‍, ഏരിയ, ജില്ലാ കമ്മിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് അങ്ങനെയൊരു ആലോചനയില്ലായിരുന്നു എന്നും കേടിയേരി പറഞ്ഞു.
Post Your Comments