Latest NewsIndia

സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോള്‍ മറികടന്നാണ് സൗദി കിരീടാവകാശിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് . സാധാരണഗതിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശനേതാക്കള്‍ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിലേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളൂ. പാകിസ്താന്‍ സന്ദര്‍ശിച്ചശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയില്‍ എത്തുന്നത്. എങ്കിലും ഇസ്ലാമാബാദില്‍നിന്ന് നേരിട്ടല്ല വരവ്. സൗദിയിലേക്ക് കഴിഞ്ഞദിവസം മടങ്ങിയിരുന്ന അദ്ദേഹം അവിടെനിന്നാണ് ഡല്‍ഹിയിലെത്തിയത്.

ബുധനാഴ്ച പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജന്‍ഡ. ഉഭയകക്ഷി വാണിജ്യ വ്യാപാരരംഗത്ത് സഹകരണം വര്‍ധിപ്പിക്കാനായി കരാറുകളില്‍ ഒപ്പുവെക്കും.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെക്കുറിച്ചുള്ള ചര്‍ച്ച ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പുല്‍വാമ ആക്രമണത്തെ അപലപിച്ച് നേരത്തേ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാട് ഇന്ത്യ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമാസ്വരാജ് എന്നിവരുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ള സംസ്‌കൃത എണ്ണയുടെ 17 ശതമാനവും നല്‍കുന്നത് സൗദി അറേബ്യയാണ്. 2017-’18-ല്‍ ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം 9.56 ശതമാനമായി വര്‍ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button