Latest NewsKerala

കാസര്‍കോട് ഇരട്ടക്കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സംഭവസ്ഥലത്ത് നിന്നും 500 മീറ്റര്‍ പരിധിയിലുള്ള ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ സംഭവ സ്ഥലത്ത് നേരിട്ടെത്തിച്ച നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത്. പിടി ഇല്ലാത്ത ഒരു വാളും രണ്ട് ഇരുമ്പ് ദണ്ഡുകളുമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

നേരത്തെ കൃത്യം നടന്ന സ്ഥലത്ത് നിന്നും ഒരു വാളിന്റെ പിടി പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആയുധം പ്രതി പീതാബരന്‍ തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൃപേഷിന്റെ മരണത്തിന് കാരണമായ തലയ്‌ക്കേറ്റ ആഴത്തിലുള്ള വെട്ട് വെട്ടിയത് താനാണെന്ന് പ്രീതാംബരന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പീതാബരന്‍ പറഞ്ഞു. അതേസമയം കസ്റ്റഡിയിലുള്ള മറ്റ് ആറു പേരും ഇതേ മൊഴി ആവര്‍ത്തിച്ചു പറയുകയാണ്. ഇത് അന്വേഷണം വഴിമാറ്റി വിടാനുള്ള തന്ത്രമാണെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിന് ശേഷം ആയുധങ്ങള്‍ കിണറ്റില്‍ ഉപേക്ഷിച്ച് കാട്ടിനുള്ളില്‍ പതുങ്ങിയിരിക്കവെയായിരുന്നു പീതാംബരനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

അതേ സമയം പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലന്ന് ഇയാളുടെ ഭാര്യ മജ്ഞു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരനെന്നും കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കും എന്നും മജ്ഞു ആരോപിച്ചു. നേരത്തേ പീതാംബരന്‍ ഉള്‍പ്പെട്ടിട്ടുള്ള അക്രമങ്ങളില്‍ പ്രതിയായത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും മജ്ഞു പറഞ്ഞു.അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് പാര്‍ട്ടി പാതാംബരനെ തള്ളി പറയുന്നതെന്നാണ് മകള്‍ വേദികയുടെ ആരോപണം. കൊലപാതകം നടന്നത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന കാര്യം ഉറപ്പാണെന്നും വേദിക പറഞ്ഞു. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ നിലപാട് മാറ്റം. മുഴുവന്‍ കുറ്റവും പാര്‍ട്ടിക്കു തന്നെയാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളി രംഗത്തെത്തിയതോടെ സിപിഎം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button