ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ സാംസ്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികള്‍ അമൃദ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കക്കെടുതികള്‍ നേരിട്ട പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി ഭൂരേഖ വിതരണം, ഗോത്രജീവിക സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണം, അമൃദിനു വേണ്ടി നിര്‍മ്മിച്ച മള്‍ട്ടി ട്രെയിനിംഗ് കോംപ്ലക്സും മന്ത്രി ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധിപ്രകാരം 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണ്. അര്‍ഹതപ്പെട്ടവരില്‍ ചുരുക്കം ആദിവാസികള്‍ക്കു മാത്രമാണ് ഇതുവരെ ഭൂമി വിതരണം ചെയ്യാന്‍ കഴിഞ്ഞത്. വനം വകുപ്പിന്റെ കൈവശമുള്ള അവശേഷിക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്കാന് നടപടിയെടുക്കും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വനം-റവന്യൂ വകുപ്പുകളുടെയും ബന്ധപ്പെട്ട കളക്ടര്‍മാരുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ വേണം. ഇതിനായി വനം വകുപ്പിന്റെ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 10,000 കോടിയുടെ വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന് കോളനി, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര പട്ടികവര്‍ഗ്ഗ കോളനികളിലെ 171 പേരെയാണ് പുനരധിവസിപ്പിക്കുന്നത്. വെങ്ങപ്പള്ളി, പുല്‍പ്പള്ളി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ കണ്ടെത്തിയ 20 .52 ഏക്കര്‍ ഭൂമിയാണ് പുനരധിവാസത്തിനായി ഉപയോഗിക്കുക. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന് അനുവദിച്ച ആറു കോടി രൂപ ഉപയോഗിച്ചാണ് ഭൂമി ലഭ്യമാക്കിയത്. ആദ്യഘട്ടത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ ഭൂരേഖ മന്ത്രി വിതരണം ചെയ്തു. മുഴുവന്‍ പുനരധിവാസ നടപടികളും മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) ഫണ്ട് മുഖേന വെങ്ങപ്പള്ളി ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 4.13 ലക്ഷവും പനമരം ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 4.08 ലക്ഷവും മീനങ്ങാടി ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 3.95 ലക്ഷവും മന്ത്രി വിതരണം ചെയ്തു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും അനുവദിച്ച 1.25 കോടി രൂപ ചെലവിലാണ് മള്‍ട്ടി ട്രെയിനിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചത്. കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള നൈപുണ്യ മേഖലയില്‍ പരിശീലനം നല്‍കുക, ഉത്പാദന യൂണിറ്റുകള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും എന്നിവയാണ് ലക്ഷ്യം. പട്ടികവര്‍ഗ വിഭാഗങ്ങളുടെ തൊഴില്‍പരമായ പുരോഗതി ലക്ഷ്യമാക്കി 1990 മുതല്‍ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്പ്മെന്റ് (അമൃദ്).കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്സിക്യൂട്ടിവ് സെക്രട്ടറി ഒ.കെ സാജിത്തിനെ വേദിയില്‍ മന്ത്രി ആദരിച്ചു.
Post Your Comments