തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍. പിണറായി വിജയാ എന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിശ്രമിക്കാന്‍ പോയതാണെന്നും പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും ആറ് ദിവസം വിശ്രമിച്ചുവെന്നും ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എകെ ബാലന്‍.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് വിമാനയാത്രയ്ക്ക് എടുക്കുന്ന സമയം കൊണ്ട് എത്താവുന്ന സ്ഥലത്താണ് മുഖ്യമന്ത്രി. ഇന്‍ഡോനേഷ്യയും സിംഗപ്പൂരും ദുബായിയും എന്നൊക്കെ പറഞ്ഞാല്‍ ഏതോ ബഹിരാകാശത്ത് പോകുന്നുവെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യയ്ക്ക് അടുത്തുളള രാജ്യത്ത് സ്വകാര്യ സന്ദര്‍ശനത്തിന് അദ്ദേഹത്തിന്റെ പണമെടുത്താണ് മുഖ്യമന്ത്രി പോയതെന്നും എകെ ബാലന്‍ ന്യായീകരിച്ചു.
‘എന്റെ നാട്ടില്‍ ഒരു കര്‍ഷക തൊഴിലാളി കുഞ്ഞിക്കണാരന്‍ ഉണ്ട്. ചൈനയില്‍ പോയിട്ട് അടുത്ത കാലത്താണ് വന്നത്. ഇപ്പോള്‍ എത്ര കുഞ്ഞിക്കണാരന്‍മാരുണ്ട് നമ്മുടെ നാട്ടിലെന്ന് എകെ ബാലന്‍ ചോദിച്ചു. ഇപ്പോള്‍ വിദേശയാത്രയ്ക്ക് അത്രയ്ക്ക് പൈസ കുറവാണ്. മുഖ്യമന്ത്രിയുടെ റ്റിഎയും ഡിഎയും എല്ലാം കൂട്ടിയാല്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ മാസ വരുമാനം വരും. അപ്പോള്‍ പിന്നെ എവിടുന്നാ പൈസ എന്ന് ചോദിക്കരുത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ അനുമതിയും വാങ്ങി പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. ഒരു മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇങ്ങനെ വേട്ടയാടാന്‍ എന്ത് അസുഖമാണ് ഉളളത്. കാര്യങ്ങള്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും സ്വന്തം കൈയ്യിലെ പൈസ എടുത്ത് സ്വകാര്യ സന്ദര്‍ശനത്തിന് പോയതാണെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments