ദുബായ്: പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ വ്യവസായികള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെമിനി ഗ്ലോബല്‍ ഹോപ് ഫൗണ്ടേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സുധാകര്‍ ആര്‍. റാവു, മാനേജിങ് ഡയറക്ടര്‍ പ്രഭാകര്‍ ആര്‍. റാവു എന്നിവര്‍ ദുബായില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തികസഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചത്.
അടിയന്തരസഹായമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (ഒരുകോടിയോളം ഇന്ത്യന്‍ രൂപ) കമ്പനി നല്‍കുക. ഈ തുക ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജവാന്മാരുടെ കുടുംബത്തിന് കൈമാറും. അടിയന്തര ഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നോട്ടുവന്ന ജെമിനി ഗ്രൂപ്പ് സാരഥികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. നമുക്ക് സുരക്ഷ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് നമ്മളെക്കൊണ്ട് പറ്റാവുന്ന രീതിയില്‍ സഹായം ലഭ്യമാക്കേണ്ട സന്ദര്‍ഭമാണിത്. സഹായം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ www.bharatkeveer.in വെബ്സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം തങ്ങളാല്‍ ആവുന്ന സഹായവുമായി മുന്നോട്ടുവന്ന ആയിരങ്ങള്‍ക്കൊപ്പം താനും അണിചേരുകയാണെന്ന് സുധാകര്‍ ആര്‍. റാവു പറഞ്ഞു. പുല്‍വാമയില്‍നടന്നത് ഓരോ ഇന്ത്യക്കാരന്റെയും മനഃസാക്ഷിയെ ഉലച്ച സംഭവമാണ്. ഈ സഹിഷ്ണുതാ വര്‍ഷത്തില്‍ പുല്‍വാമയില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് സഹോദരനായ പ്രഭാകര്‍റാവുവിനൊപ്പം പ്രതിജ്ഞയെടുക്കുന്നുവെന്നും സുധാകര്‍റാവു പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന സഹായങ്ങളും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments