തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുകയാണ്. ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് ഈ ശുഭവാര്‍ത്ത അറിയിച്ചത്. ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ താനഭിനയിച്ച ചോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് താന്‍ തിരിച്ചു വരുന്ന വിവരം ജഗതി ശ്രീകുമാര്‍ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായെത്തിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാമുംബയിലെ കോമഡി രംഗം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജഗതി പങ്കുവച്ചു. ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട- ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം പടക്കം ബഷീര്‍ പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയ്ക്ക് മറുപടിയുമായി ആരാധകരെത്തിയത്.
കേരളം കാത്തിരുന്ന നിമിഷങ്ങളാണിതെന്ന് ആരാധകര്‍ കമന്റായി കുറിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/JagathySreekumarOfficial/videos/770301496688523/?v=770301496688523
Post Your Comments